നാല് മണിക്കൂറിനിടെ ആറിടത്ത് നിന്ന് ബൈക്കിലെത്തി മാലകള്‍ പൊട്ടിച്ചു; പ്രധാന പ്രതിയെ ദില്ലിയിലെത്തി പിടിച്ച് കേരള പൊലീസ്

By Web TeamFirst Published Oct 6, 2019, 8:05 PM IST
Highlights

എ സി പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ ദില്ലി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്.  

കൊല്ലം: നാല് മണിക്കൂറിനിടെ ആറിടത്ത് നിന്ന്  ബൈക്കിലെത്തി മാലകള്‍  പൊട്ടിച്ചെടുത്ത് കടന്ന സംഘത്തിലെ മുഖ്യപ്രതിയെ ദില്ലിയില്‍ നിന്ന് കേരള പോലീസ് പിടികൂടി. ദില്ലി സ്വദേശി സത്യ ദേവാണ് നോഡിയില്‍ അറസ്റ്റിലായത്. ഇത് സംബന്ധിച്ച വിവരം കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു. 

എ സി പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ ദില്ലി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്.  മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയായിരുന്നു പിടിച്ചുപറി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.  സ്‌കോര്‍പ്പിയോ വാഹനത്തില്‍ കേരളത്തില്‍ എത്തിയ സംഘം തിരികെ ദില്ലിയില്‍ എത്തിയപ്പോഴേക്കും പോലീസും അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ സാഹസികമായി പിടികൂടി.

അതേ സമയം ഉന്നത ബന്ധങ്ങള്‍ ഉള്ളയാളാണ് പിടിയിലായ ദില്ലി  സ്വദേശി സത്യ ദേവ് എന്നാണ് സൂചന. ഉന്നതരുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കേസുകളില്‍ നിന്നും ഇയാള്‍ ഊരാറുണ്ട്. നാലംഗ സ്‌ക്വാഡാണ് കൊല്ലം റൂറലില്‍ നിന്നും പ്രതികളെ പിടിക്കാനായി പോയത്. ജീവനു ഭീഷണിയുണ്ടെന്ന വിവരമെത്തിയതോടെ ഇരുപതോളം ദില്ലി പോലീസുകാരുടെ കാവലിലാണു സത്യദേവിനെ കേരള പോലീസ് സൂക്ഷിച്ചിരിക്കുന്നത്. 

സത്യദേവ് പിടിയിലായതോടെ ഇയാളുടെ സംഘം ഒളിവിലാണ്. നേരത്തെ ഹൈദരാബാദ് പോലീസ് സംഘം ഒരു ദിവസം സത്യ ദേവിനെ പിടിച്ചിരുന്നെങ്കിലും ഗുണ്ടാസംഘം തോക്കും മാരകായുധങ്ങളുമായെത്തി പോലീസിനെ ആക്രമിച്ച ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു. 

click me!