Latest Videos

മോഷണത്തിനിടെ മുട്ടപൊട്ടിച്ച് കുടിച്ചു, കള്ളന്‍ വലയിലായി; സംഭവം വിവരിച്ച് കേരള പൊലീസ്

By Web TeamFirst Published Nov 6, 2019, 7:51 PM IST
Highlights

മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവ നേട്ടമാണെന്നും പൊലീസ് പറയുന്നു.

പത്തനംതിട്ട: കള്ളനെ കുടുക്കിയ സൂത്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. പത്തനംതിട്ട ഇലന്തൂരില്‍ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചതാണ് കള്ളന് വിനയായത്. കള്ളനെ കുടുക്കിയ കഥയാണ് പൊലീസ് രസകരമായി എഴുതിയത്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് കള്ളനെ കുടുക്കിയത്. പത്തനംതിട്ട  വിരലടയാള ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്‍റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവ നേട്ടമാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീന്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..
മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിലൂടെ
കുടുങ്ങിയത് വൻ മോഷ്ടാവ്.

ഓർമയില്ലേ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ...
വീടുകളിൽ മോഷ്ടിക്കാൻ കയറുമ്പോൾ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലർത്തുന്ന മോഷ്ടാവാണ് "ചെപ്പടിവിദ്യ" എന്ന സിനിമയിലെ കള്ളൻ അച്ചു.

അടുത്തിടെ പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലില്‍ മോഷണത്തിനിടെ ഇത് പോലെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടൻ പണിയാണ്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് വൻ മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗർപ്രിന്‍റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്‍റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണ്.

പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീന്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്. മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂര്ത്തിടിക്കാനുമാണ് ഇയാള്‍ ചെലവഴിക്കുന്നത്.

പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി. ബിജുലാലിന്‍റെ നേതൃത്വത്തില്‍ ഫിംഗര്‍പ്രിന്‍റ് എക്സ്പെര്‍ട്ട്മാരായ ശ്രീജ, ഷൈലജ, എ.എസ്.ഐ മോഹന്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ  വിനോദ്, ശ്രീജിത്ത്, ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ ജയദേവ് കുമാര്‍ കൂടാതെ റാന്നി ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥും ഉൾപ്പെട്ട ശാസ്ത്രീയ കുറ്റാന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

click me!