പണത്തിനായി യുവാവിനെ തട്ടികൊണ്ടുപോയി; ഒടുവിൽ പൊലീസെത്തി മോചിപ്പിച്ചു

By Web TeamFirst Published May 20, 2020, 1:50 PM IST
Highlights

അജ്ഞാതനായ ഒരാൾ ഫോണിൽ വിളിച്ച് 12,000 രൂപ തന്നില്ലെങ്കിൽ അനുജനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനെ അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തുന്നത്.

കൊച്ചി: പെരുമ്പാവൂരിൽ പണമിടപാട് സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച യുവാവിനെ പൊലീസ് മോചിപ്പിച്ചു. തിരുനെൽവേലി സ്വദേശിയും തുണിക്കച്ചവടക്കാരനുമായി അൻവറിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. 12,000 രൂപ മോചന ദ്രവ്യം നൽകിയില്ലെങ്കിൽ യുവാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു സംഘത്തിന്‍റെ ഭീഷണി.

പെരുമ്പാവൂരിൽ വർഷങ്ങളായി തുണിക്കച്ചവടം നടത്തുന്ന തമിഴ് നാട് തിരുനെൽവേലി സ്വദേശി അൻവറിനെയാണ് ഇന്നലെ വൈകിട്ടോടെ ഒരു സംഘം തട്ടികൊണ്ടുപോയത്. അൻവറിന്‍റെ സഹോദരൻ ഹുസൈൻ ആണ് അനുജനെ കാൺമാനില്ലെന്ന പരാതിയുമായി പെരുമ്പാവൂർ പൊലീസിനെ സമീപിച്ചത്. അജ്ഞാതനായ ഒരാൾ ഫോണിൽ വിളിച്ച് 12,000 രൂപ തന്നില്ലെങ്കിൽ അനുജനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനെ അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് പോഞ്ഞാശ്ശേരിയിലെ സലാം എന്നയാളുടെ വീട്ടിൽ പൂട്ടിയിട്ട നിലയിൽ അൻവറിനെ കണ്ടെത്തുന്നത്.

സലാം നേരത്തെ കഞ്ചാവ് കടത്ത് കേസുകളിലടക്കം പ്രതിയാണ്. പെരുമ്പാവൂർ സ്വേദേശി ബോബി, പോഞ്ഞാശ്ശേരിയിൽ ബിനു എന്നിവരാണ് കൂട്ട് പ്രതികൾ. തുണിക്കച്ചവടത്തിന് സാമ്പത്തിക സഹായം നൽകാമെന്ന് പറഞ്ഞ് തന്ത്രപരമായി തന്നെ സലാം വീട്ടിലെത്തിക്കുകയും തുടർന്ന് പൂട്ടിയിടുകയുമായിരുന്നുവെന്ന് പോലീസ് രക്ഷപ്പെടുത്തിയ അൻവർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി

click me!