
മലപ്പുറം: മേലാറ്റൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. അന്തര്‍ ജില്ലാ ക്വട്ടേഷന്‍ സംഘമാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂര്‍ സ്വദേശിയെ ക്വട്ടേഷന്‍ സംഘം ഞായറാഴ്ച ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുമ്പില്‍ നിന്നും ബലമായി വാഹനത്തില്‍ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മേലാറ്റൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വഴിക്കടവ് ചുരത്തില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
തൊടികപുലം പോരൂര്‍ സ്വദേശികളായ നീലങ്ങാടന്‍ ജാഫര്‍, പുല്ലാണി പൂങ്കയില്‍ ഷാ മസൂദ്, മുട്ടത്തില്‍ ഉണ്ണി ജമാല്‍, ആലപ്പുഴ തൃക്കന്നുപുഴ സ്വദേശികളായ നിര്‍മല്‍ മാധവ്, അനീസ് വഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പൂക്കോട്ടുംപാടം എസ് ഐ തോമസ്, ലിതീഷ്, സര്‍ജസ്, വിഷ്ണു, സുഭാഷ്, ചന്ദ്ര ദാസ്, സുരേന്ദ്ര ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
മതവിദ്വേഷ പ്രചരണം: യൂട്യൂബര്‍ അറസ്റ്റില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയ യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലിനും ഉടമ അബ്ദു റഹ്‌മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. പൂക്കോട്ടുംപാടത്ത് വച്ച് പെരിന്തല്‍മണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ബൈജുവിനെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് ബൈജുവെന്നും പൊലീസ് അറിയിച്ചു.
അമ്മയെ നായ കടിച്ചു, അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; പരാതി