
ദില്ലി: രാജ്യതലസ്ഥാനത്ത് ലിവിംഗ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഹില്‍ സ്റ്റേഷനില്‍ പോകാമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട നിക്കി യാദവിനെ പങ്കാളി സഹില്‍ ഗെഹ്‍ലോട്ട് വീടിന് പുറത്തേക്ക് കൊണ്ട് പോയത്. കാറില്‍ വച്ച് ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് നിക്കിയെ സഹില്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതിയുമായി സഹിലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ അതേ ദിനം തന്നെയാണ് കൊല നടത്തിയത്.
ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയാണ് നിക്കി. ഫെബ്രുവരി ഒമ്പതിന് മറ്റൊരു സ്ത്രീയുമായി സഹിലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും പിറ്റേ ദിവസം വിവാഹിതനാകുകയും ചെയ്യുകയാണെന്ന് നിക്കി അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ സഹിലിനെ കേസിൽ കുടുക്കുമെന്ന് നിക്കി പറഞ്ഞതായും ടൈംസ് നൗ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിക്കിയെ കാണാതായതായി പരാതികള്‍ ഒന്നും നേരത്തെ ലഭിച്ചിരുന്നില്ല. വാലന്‍റൈസ് ദിനത്തില്‍ സൗത്ത് വെസ്റ്റ് ദില്ലിയില്‍ ഒരു ധാബയിലുള്ള ഫ്രിഡ്ജില്‍ നിന്ന് നിക്കിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ സഹിൽ ഗെഹ്ലോട്ടിനെ ചൊവ്വാഴ്ച രാവിലെ ദില്ലിയിലെ കെയർ വില്ലേജ് ക്രോസിംഗിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു.
നിക്കിയുടെ മൊബൈൽ ഫോൺ സഹിലിന്റെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സഹിലിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ മറ്റൊരു സ്ത്രീയെ സഹില്‍ വിവാഹം കഴിക്കുകയും ചെയ്തു.
എസ്എസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുമ്പോഴാണ് സഹില്‍ നിക്കിയുമായി പരിചയപ്പെടുന്നത്. നിക്കി ഈ സമയം മെഡിക്കൽ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഒരേ ബസില്‍ യാത്ര ചെയ്തിരുന്ന ഇവര്‍ സുഹൃത്തുക്കളായി മാറുകയും പീന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.