പരിക്ക് പറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വയോധികയുടെ വീട്ടിലെത്തിയ ഇയാൾ വെള്ളം ചോദിച്ചെത്തിയ ശേഷം അവരെ കടന്നുപിടിച്ച് ആക്രമിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് എൺപതുകാരിയെ പീഡിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ പിടികൂടിയതായി വലിയതുറ പൊലീസ് അറിയിച്ചു. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം സ്വദേശി പൊടിയൻ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്. പരിക്ക് പറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വയോധികയുടെ വീട്ടിലെത്തിയ ഇയാൾ വെള്ളം ചോദിച്ചെത്തിയ ശേഷം അവരെ കടന്നുപിടിച്ച് ആക്രമിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. പരിക്ക് പറ്റിയ വൃദ്ധയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വൃദ്ധയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്.
പിടിയിലായ രഞ്ജിത്ത് ബലാത്സംഗം, അടിപിടി, കഞ്ചാവ് വിൽപ്പന അടക്കമുളള കേസുകളിൽ പ്രതിയാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു. ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഡി കെ പൃഥ്വിരാജിന്റെ നേത്യത്വത്തിൽ വലിയതുറ എസ് എച്ച് ഒ രതീഷ്, എസ് ഐ അഭിലാഷ് മോഹൻ, എസ് ഐ. അലീന സൈറസ് ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, മഞ്ചേരിയിൽ 14 വയസ് മുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് റിമാൻഡ് ചെയ്തത്. മകളുടെ ക്ലാസ് ടീച്ചർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ് ടീച്ചർക്ക് സംശയം തോന്നാൻ കാരണം. ടീച്ചർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
