
കൊല്ലം: ന്യൂമോണിയ ചികിത്സിക്കാൻ ദുർമന്ത്രവാദം നടത്തുന്നതിനിടെ മരിച്ച കൊല്ലം മുതിരപ്പറമ്പിലെ പതിനാറുകാരിയുടെ മരണത്തിൽ ഒരു അറസ്റ്റ് കൂടി. പെണ്‍കുട്ടിയുടെ പിതൃസഹോദരിമാരും കൊട്ടിയം സ്വദേശി നൗഷാദുമാണ് ഇതുവരെ കേസിൽ അറസ്റ്റിലായ പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികളുടെ മേൽ ചുമത്തിയ കുറ്റം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഏപ്രില്‍ 12 നാണ് പെണ്‍കുട്ടി തിരുനെല്‍വേലിയില്‍ വച്ച് മരിക്കുന്നത്. കുട്ടി ലൈംഗികപീഡനത്തിനും ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പ്രതികള്‍ ദുർമന്ത്ര വാദത്തിനായി തിരുനെല്‍വേലിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെവച്ചാണ് ദുർമന്ത്രവാദത്തിനിടെ കുട്ടി ലൈംഗികപീഡനത്തിനും ഇരയായത്. തിരുനെൽവേലി ആറ്റിൻകരയിലെ ലോഡ്ജ് മുറിയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സ നൽകാതെ രോഗം മൂർച്ഛിച്ചാണ് പെൺകുട്ടി മരിച്ചത്.
കുട്ടിയെ ആവശ്യത്തിന് ആഹാരം നൽകാതെയാണ് ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയും അറസ്റ്റിലായിരുന്നു. ഏഴ് വർഷം മുമ്പ് പെൺകുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛൻ വിദേശത്തായതുകൊണ്ട് പിതൃസഹോദരിമാർക്ക് ഒപ്പമായിരുന്നു താമസം. അമ്മയുടെ പ്രേതബാധ പെൺകുട്ടിക്കുണ്ടെന്ന അന്ധവിശ്വാസത്തിലാണ് മന്ത്രവാദം നടത്തി കുട്ടിക്ക് ചികിത്സ നിഷേധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam