
മണ്‍റോതുരുത്ത്: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്ലം മണ്‍റോതുരുത്തിലെ മധ്യവയസ്കന്‍റെ കൊലപാതകം രാഷ്ട്രീയ വിഷയമാകുന്നു. മണ്‍റോ തുരുത്ത് സ്വദേശി മണിലാലിനെ കൊന്നത് ആര്‍എസ്എസ് ഗൂഡാലോചനയ്ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. എന്നാല്‍ സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു.
മണ്‍റോതുരുത്ത് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മണിലാല്‍ എന്ന അമ്പതുകാരന്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് കുത്തേറ്റത്. നാട്ടുകാരന്‍ തന്നെയായ അശോകന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മണിലാലിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി പാര്‍ട്ടി അംഗത്വം നല്‍കിയ ആളാണ് അശോകനെന്നും മണിലാലിനെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.
കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും കേസ് അന്വേഷിക്കുന്ന ഈസ്റ്റ് കല്ലട പൊലീസ് അറിയിച്ചു.
കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. മണിലാലിനെ കുത്തിയ അശോകനും,സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്.
മണിലാലിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുണ്ടറ,പേരയം,കിഴക്കേ കല്ലട,മണ്‍റോ തുരുത്ത് പഞ്ചായത്തുകളില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam