രാത്രി വൈകിയും ജോളി പൊന്നാമറ്റം വീട്ടില്‍: തെളിവെടുപ്പ് പുലര്‍ച്ചെ വരെ നീണ്ടേക്കും

By Web TeamFirst Published Oct 14, 2019, 10:11 PM IST
Highlights

രാത്രി 9.45-ഓടെയാണ് കസ്റ്റഡിയിലുള്ള ജോളിയെ പൊലീസ് പൊന്നാമറ്റം വീട്ടിലെത്തിച്ചത്. ജോളിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസ് വീട്ടില്‍ പരിശോധന തുടരുകയാണ്. 

കോഴിക്കോട്: അപ്രതീക്ഷിതമായ നീക്കത്തിനൊടുവില്‍ കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായി പൊലീസ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നു. രാത്രി ഒന്‍പത് മണിയോടെ ഫോറന്‍സിക് സംഘമെത്തി വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജോളിയെ പൊലീസ് പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടു വന്നത്.

9.45-ഓടെ പൊന്നാമറ്റം വീട്ടിന് മുന്നില്‍ പൊലീസ് ജീപ്പില്‍ വന്നിറങ്ങിയ ജോളി ഗേറ്റ് കടന്ന് വീടിനകത്തേക്ക് പോയി. അകത്തെ ഹാളിലൊരിടത്ത് ജോളിയെ ഇരുത്തി പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന തുടരുകയാണ്. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച വിഷക്കുപ്പി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സംഘം പൊന്നാമറ്റം വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. 

അന്വേഷണസംഘത്തിന്‍റെ ഭാഗമായ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഒരു മണിക്കൂറിലേറെ അടച്ചിട്ട വീടിനുള്ളില്‍ തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ജോളി ഇവിടേക്ക് എത്തിയത്. ആറ് പേരേയും ഏത് രീതിയില്‍ കൊലപ്പെടുത്തി, വിഷം എങ്ങനെ കൈകാര്യം ചെയ്തു എന്നീ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിലെ ഫോറന്‍സിക് വിദഗ്ദ്ദര്‍ ജോളിയില്‍ നിന്നും ചോദിച്ചറിഞ്ഞു. 

കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനായി ഡോ.ദിവ്യ ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഫോറന്‍സിക് സംഘത്തെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു അതേസമയം ജോളി ഉപയോഗിച്ച സയനൈഡിന്‍റെ ബാക്കി കണ്ടെത്താന്‍ അന്വേഷണസംഘത്തിനായോ എന്ന് വ്യക്തമല്ല. 

ജോളിയെ വീണ്ടും തെളിവെടുപ്പിന് എത്തിച്ച വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ഇപ്പോളും പൊന്നാമറ്റം വീടിന് ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ശക്തമായ സുരക്ഷയൊരുക്കിയാണ് പൊലീസ് ഇന്നും പരിശോധന തുടരുന്നത്. ഒരു പക്ഷേ തെളിവെടുപ്പും ചോദ്യം ചെയ്യലുമായി പുലര്‍ച്ചെ വരെ ജോളി പൊന്നാമറ്റം വീട്ടിലുണ്ടായേക്കും എന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇനി രണ്ട് ദിവസം കൂടി മാത്രമേ പൊലീസിന് ജോളിയെ കസ്റ്റഡിയില്‍ കിട്ടൂ. മറ്റന്നാള്‍ വൈകിട്ട് ജോളിയെ കോടതിയില്‍ ഹാജരാക്കും.കോടതിയില്‍ ഹാജരാക്കി കഴിഞ്ഞാല്‍ ഇനി വീണ്ടും ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ സാധ്യതയില്ല. 

ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം ആറര മണി വരെ പൊലീസ് ജോളിയെ ചോദ്യം ചെയ്യുകയായിരുന്നു. എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചോദ്യം ചെയ്യല്ലിനിടെ ജോളിയുടെ  ഭര്‍ത്താവ് ഷാജു അദ്ദേഹത്തിന്‍റെ പിതാവ് സക്കറിയ എന്നിവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഒരു ടീം ഇടുക്കിയിലെത്തി ജോത്സ്യന്‍ കൃഷ്ണകുമാറില്‍ നിന്നും ജോളിയുടെ കുടുംബത്തില്‍ നിന്നും മൊഴിയെടുത്തു.  

ജോളിക്കെതിരെ സ്വത്ത് തട്ടിപ്പിന് പൊലീസിനെ സമീപിച്ച് റോയിയുടെ സഹോദരന്‍ റോജോയും നാളെ പൊലീസിന് മുന്‍പിലെത്തി മൊഴി നല്‍കും. പൊലീസ് കസ്റ്റഡിയില്‍ ജോളിക്ക് അവശേഷിക്കുന്ന അടുത്ത രണ്ട് പകലില്‍ നിര്‍ണായകതെളിവുകള്‍ ശേഖരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍. അതിനാല്‍ തന്നെ പല വഴിക്ക് പിരിഞ്ഞാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. 

click me!