സിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യും; റാണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

By Web TeamFirst Published Oct 18, 2019, 1:37 PM IST
Highlights

ജോളിയുടെ സുഹൃത്തായ റാണി വടകര എസ് പി ഓഫീസിൽ ഹാജരായി

വടകര: കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് പൊലീസ് ഇന്നു വീണ്ടും രേഖപ്പെടുത്തും. നിലവില്‍ മുന്‍ഭര്‍ത്താവ് റോയിയെ വധിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലാണ് ജോളി. നിലവിലെ ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെ മരണത്തിലാണ് പൊലീസ് സംഘം ഇന്ന് ജോളിയെ അറസ്റ്റ് ചെയ്യുന്നത്. ഇതിനുള്ള അനുമതി കോടതി അന്വേഷണസംഘത്തിന് നല്‍കി. 

അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ അപേഷയിൽ  താമരശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  രണ്ടാം കോടതിയാണ് അനുമതി നൽകിയത്. താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ വച്ച് സിലിക്ക് ജോളി സയനൈഡ് വെള്ളത്തില്‍ കലക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 

റോയ് വധക്കേസില്‍ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി  ഇന്ന് നാലുമണിക്ക് അവസാനിക്കും. ഇന്നു വെകിട്ട് ഇവരെ കോടതിയില്‍ ഹാജാരാക്കാനൊരുങ്ങുന്നതിനിടെയാണ് കൂടത്തായി കൂട്ടക്കൊലയിലെ രണ്ടാമത്തെ കേസില്‍ ജോളി അറസ്റ്റിലാവുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ റിമാന്‍ഡ് ചെയ്ത ശേഷമായിരിക്കും പൊലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. 

ആവശ്യമെങ്കില്‍ സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊലീസ് വരും ദിവസങ്ങളില്‍ ജോളിയെ കസ്റ്റഡിയിലെടുത്തേക്കും. റോയിയുടേയും സിലിയുടേയും കൂടാതെ പൊന്നാമറ്റം തറവാട്ടിലെ മറ്റു നാലു പേരുടെ കൊലപാതകങ്ങളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതക പരമ്പരയില്‍ അവസാനത്തെതായിരുന്നു സിലിയുടെ മരണം. അതിനാല്‍ കേസില്‍ അന്വേഷണം കുറേക്കൂടി മുന്നോട്ട് പോയിട്ടുണ്ടെന്നാണ് പൊലീസ് സംഘം നല്‍കുന്ന സൂചന. 

അതേസമയം ജോളിയുടെ സുഹൃത്തായ റാണി എന്ന സ്ത്രീ ഇന്ന് വടകരയിലെ എസ്പി ഓഫീസില്‍ ഹാജരായി.  എൻഐടിക്ക് സമീപം തയ്യൽക്കട നടത്തിയിരുന്ന റാണി ജോളിയുമായി നിൽക്കുന്ന ഫോട്ടോകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റാണിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. 

കൂടത്തായി കൊലപാതക കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ യോഗം വെള്ളിയാഴ്ച രാവിലെ ചേര്‍ന്നു. കോഴിക്കോട് കാപ്പാട് ബീച്ചിന് അടുത്തുള്ള ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. കൂടത്തായി കൂട്ടക്കൊലയില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ അന്വേഷണസംഘം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 

click me!