വഴിത്തിരിവായത് റോയ് തോമസിന്‍റെ പോസ്റ്റ്‍മോർട്ടം, പൊലീസെത്തും മുമ്പ് ജോളിയുടെ ആത്മഹത്യാ ശ്രമം

By Web TeamFirst Published Oct 5, 2019, 1:18 PM IST
Highlights

കൂടത്തായി കൂട്ടമരണങ്ങൾ വെള്ളിയാഴ്ച തന്നെ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ അസ്വസ്ഥയായിരുന്നു ജോളി. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

കോഴിക്കോട്: താമരശ്ശേരിയ്ക്ക് അടുത്ത് കൂടത്തായിയിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ സംശയങ്ങൾ ഉരുത്തിരിഞ്ഞപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതിയായ ജോളി. വെള്ളിയാഴ്ച രാവിലെത്തന്നെ ഈ കുടുംബത്തിലെ ദുരൂഹമരണങ്ങളെക്കുറിച്ച് വാർത്തകൾ വരാൻ തുടങ്ങിയപ്പോൾ ജോളി ആകെ അസ്വസ്ഥയായിരുന്നു. രണ്ടാം ഭർത്താവ് ഷാജു സ്കറിയയോടൊപ്പം താമസിക്കുന്ന കൂടത്തായിയിലെ വീട്ടിൽ വച്ച് ജോളി രാവിലെയോടെ ആത്മഹത്യാ ശ്രമം നടത്തി. രക്ഷിച്ചത് അടുത്ത ബന്ധുക്കളായിരുന്നു. അവിടെയെത്തിയ ബന്ധുവായ ഒരു മുതിർന്ന സ്ത്രീയോട് 'എനിക്ക് പറ്റിപ്പോയി' എന്ന് വിങ്ങിപ്പൊട്ടി കൊലപാതകങ്ങളുടെ വിവരങ്ങൾ ജോളി തുറന്ന് സമ്മതിച്ചു.

ബന്ധുക്കൾ ഈ വിവരം പൊലീസിനെ അറിയിച്ചു. കരുതലോടെയാണ് പൊലീസ് ഇതിനെ കൈകാര്യം ചെയ്തത്. പതിയെ ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസ് പറഞ്ഞു. ഇതിന് ശേഷം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വനിതാ പൊലീസുകാർക്കൊപ്പം എത്തി ജോളിയെ ചോദ്യം ചെയ്തു. വിശദമായ മൊഴിയെടുത്ത ശേഷം, രാവിലെയോടെ ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ജോളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ജോളിയിലെത്തിയത് കരുതലോടെ

ആദ്യം സംശയം ജനിക്കാതിരിക്കാൻ പൊലീസ് കരുതലോടെയാണ് കേസിൽ മുന്നോട്ട് നീങ്ങിയത്. ജോളിയുടെയും ഷാജു സ്കറിയയുടെയും സാമ്പത്തിക ഇടപാടുകളും സ്വത്ത് ക്രയവിക്രയങ്ങളും വിശദമായ പൊലീസ് പരിശോധിച്ചു. ഇതിന് ഇടനില നിന്നവരെയും സ്വത്ത് മുഴുവൻ ജോളിയുടെ പേരിൽ എഴുതിനൽകിയ ഒസ്യത്തിൽ ഒപ്പിട്ട, പ്രാദേശിക വാസികളല്ലാത്ത, മറ്റ് ചിലരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. 

ആകെ 38 അര സെന്‍റ് ഭൂമിയും രണ്ടേക്കർ സ്വത്തുമാണ് ടോം തോമസിന്‍റെയും കുടുംബത്തിന്‍റെയും പേരിലുണ്ടായിരുന്നത്. എന്നാൽ ഈ സ്വത്ത് മുഴുവൻ തന്‍റെ പേരിൽ എഴുതിത്തന്നെന്ന് ഇവരുടെ മരണശേഷം ജോളി പറയുകയായിരുന്നു. ഇതിന് തെളിവായി ഒസ്യത്തും ഹാജരാക്കി. എന്നാൽ ഇതിനെക്കുറിച്ച് കുടുംബാംഗങ്ങളിൽ പലർക്കും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു. പ്രദേശവാസികളല്ല ഈ ഒസ്യത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. കൂടത്തായിയിൽ നിന്ന് ഏറെ ദൂരെയുള്ള ചേളൂരിലടക്കം നിന്നുള്ള ആളുകളാണ് സാക്ഷികളായി ഒപ്പ് വച്ചിരിക്കുന്നത്. 

എന്നാൽ തർക്കം രൂക്ഷമായതോടെ, സംശയങ്ങളും കൂടി. പ്രത്യേകിച്ച് ജോളി മുൻഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരപുത്രനെ വിവാഹം ചെയ്തതോടെ. ഷാജുവുമായുള്ള വിവാഹശേഷം സ്വത്ത് തർക്കം രൂക്ഷമായതോടെ, പ്രശ്നത്തിൽ നിന്ന് തലയൂരാൻ ആ ഒസ്യത്ത് ജോളി തിരികെ നൽകി. പക്ഷേ, ഇതിനിടയിൽ രണ്ടരയേക്കർ പറമ്പ് വിൽക്കുകയും അതിന്‍റെ കാശ് വാങ്ങി ചെലവാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിൽ തർക്കം നടന്നു. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം പൊലീസ് ഇത് വെറും സ്വത്ത് തർക്കമായി കണക്കാക്കി തള്ളിക്കളഞ്ഞതും മരണങ്ങൾ വിശദമായി അന്വേഷിക്കാതിരുന്നതും. 

എന്നാൽ വൃദ്ധരായ മനുഷ്യരുടേത് മാത്രമല്ല, കൊച്ചു കുഞ്ഞും, ജോളിയുടെ ഭർത്താവായിരുന്ന നാൽപത് വയസ്സ് മാത്രമുള്ള റോയ് തോമസിന്‍റെയും ഷാജു സ്കറിയയുടെ നാൽപ്പത്തിയൊന്ന് വയസ്സ് മാത്രമുണ്ടായിരുന്ന സിലിയുടെയും മരണങ്ങൾ പൊലീസ് അന്വേഷിച്ചില്ല. റോയ് തോമസിന്‍റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് കണ്ടെത്തിയിട്ട് പോലും! ഇതിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ ആരോപണം. പ്രാദേശികമായി പൊലീസിന്‍റെ സഹായം ജോളിയ്ക്ക് കിട്ടിയിരുന്നെന്നും പറയുന്നവരുണ്ട്.

ടോം തോമസിന് എന്തോ അറിയാമായിരുന്നോ?

അന്നമ്മയുടെ മരണശേഷം, ടോം തോമസ് ഷാജു സ്കറിയയോട് ഈ വീട്ടിൽ ഇനി മേലാൽ കയറിപ്പോകരുതെന്ന് താക്കീത് ചെയ്തിരുന്നെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഷാജുവും ടോം തോമസും തമ്മിൽ അത്ര നല്ല ബന്ധമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് 2008-ൽ ടോം തോമസും മരിച്ചു. ഇതിന് ശേഷം തൽക്കാലം സ്വന്തം വീട്ടിൽ ഭർത്താവല്ലാതെ ജോളിയ്ക്ക് മുന്നിൽ വേറെ തടസ്സങ്ങളുണ്ടായിരുന്നില്ല. 

അതിന് ശേഷമാണ് 2011 വരെ കാത്തിരുന്ന് മുൻഭർത്താവ് റോയ് തോമസിനെയും കൊലപ്പെടുത്തുന്നത്. 

വേണ്ടെന്ന് നിർബന്ധിച്ചിട്ടും നടത്തിയ ആ പോസ്റ്റ്‍മോർട്ടം

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ മരണം പൊടുന്നനെയായിരുന്നു. കടലയും ചോറും കഴിച്ച് കുളിയ്ക്കാനായി കുളിമുറിയിൽ പോയ റോയ് തോമസ് അവിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വാതിൽ അകത്ത് നിന്ന് അടച്ചിരുന്നതിനാൽ ജോളി വലിയ രീതിയിൽ നിലവിളിച്ചപ്പോഴാണ് അയൽക്കാർ പോലും ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് റോയിയെ പുറത്തെടുത്തത്. ആ സമയത്ത് വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ല. 

ഹൃദയാഘാതം മൂലമാണ് റോയി മരിച്ചതെന്നാണ് എല്ലാവരോടും അടുത്ത ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഒരാൾ മാത്രം അത് വിശ്വസിച്ചില്ല. റോയിയുടെ അമ്മാവൻ, അതായത് അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ.

പോസ്റ്റ് മോർട്ടം നടത്തിയേ തീരൂ എന്ന് മാത്യു നിർബന്ധം പിടിച്ചു. തുടർന്നാണ് റോയിയുടെ പോസ്റ്റ് മോർട്ടം നടത്തുന്നത്. എന്നാൽ ഈ റിപ്പോർട്ട് ജോളി ആരെയും കാണിച്ചില്ല. വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്ന് പോസ്റ്റ് മോർട്ടത്തിലുണ്ടെന്ന് മാത്രം പറഞ്ഞു. ഇത് ആത്മഹത്യയായിരിക്കാമെന്നാണ് അടുത്ത ബന്ധുക്കൾ പോലും സംശയിച്ചത്. ഇത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഓർത്ത് എല്ലാവരും ജോളി പറഞ്ഞ അതേ കാരണം തന്നെ നാട്ടുകാരോട് പറഞ്ഞു. റോയി മരിച്ചത് ഹൃദയാഘാതം മൂലമാണ്!

സംശയിച്ച മാത്യുവിനെയും കൊന്നു!

തനിക്ക് നേരെ മാത്യുവിന്‍റെ സംശയമുന നീണ്ടെന്ന് തോന്നിയ ജോളി അദ്ദേഹത്തെയും സമാനമായ രീതിയിൽ കൊലപ്പെടുത്തി. 2014 ഫെബ്രുവരി 24-ന് മാത്യു മരിച്ചു. സ്വന്തം സ്വൈരജീവിതത്തിന് തടസ്സം നിന്ന ഒരാളെക്കൂടി അങ്ങനെ വഴിയിൽ നിന്ന് ഒഴിവാക്കി. അതായത് ഈ കൊലപാതകങ്ങളൊന്നും ഒറ്റയടിക്ക് വികാരവിക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല ഈ കൊലപാതകങ്ങളൊന്നും നടന്നത്. കൃത്യമായി ക്രിമിനൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയതെന്നത് വ്യക്തം. 

 

ആരാണ് ജോളി?

എം കോം ബിരുദധാരിണിയാണ് താനെന്നാണ് ജോളി ഭർത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനിയാണ് ഇവർ. 1998 -ലായിരുന്നു റോയ് തോമസിന്‍റെയും ജോളിയുടെയും വിവാഹം. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന് ആദ്യം വീട്ടുകാരോട് പറഞ്ഞു. വീട്ടിനടുത്ത് ഈ പേരിൽ ഒരു വിദ്യാഭ്യാസ ഏജൻസിയും നടത്തി. എൻഐടിയുടെ വ്യാജ ഐഡി കാർഡുണ്ടാക്കിയായിരുന്നു ഈ പറഞ്ഞ് പറ്റിക്കൽ. എന്നാൽ ആ പ്രദേശത്ത് നിന്ന് എൻഐടിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അങ്ങനെയൊരു അധ്യാപിക എൻഐടിയിലില്ലെന്ന് പറഞ്ഞതോടെ അത്തരം അവകാശവാദങ്ങൾ ആവർത്തിക്കാതായി.

ഈ വിദ്യാഭ്യാസ ഏജൻസിയിൽ നിന്നാണ് പല തരത്തിലുള്ള വഴിവിട്ട പണമിടപാടുകളും ജോളി നടത്തിയിരുന്നതെന്നാണ് വിവരം. താമരശ്ശേരിയിൽ ഏജൻസിയിലേക്ക് പോകുംവഴിയാണ് ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവിനെ പരിചയപ്പെടുന്നത്. അങ്ങനെ നല്ല ബന്ധം സ്ഥാപിച്ചാണ് സയനൈഡ് വാങ്ങിയെടുക്കുന്നത്.

ഇതിനെല്ലാമിടയിൽ താമരശ്ശേരിയിൽ ബ്യൂട്ടി പാർലർ നടത്തുകയാണെന്നും ജോളി അവകാശപ്പെട്ടിരുന്നുവെന്നാണ് സൂചന. സ്വത്ത് കിട്ടാനുള്ള അതിമോഹവും ഷാജുവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമാണ് നീണ്ട 14 വർഷം നീണ്ട കൊലപാതകപരമ്പര ആസൂത്രണം ചെയ്യാൻ ജോളിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. 

click me!