സമാനമായി അഭിഭാഷക ഹാജരാക്കിയ മറ്റു മൂന്നു പേരും യഥാർഥ പ്രതികൾക്ക് പകരക്കാരാണെന്ന് മനസ്സിലായതോടെ കോടതി മറ്റു കേസുകൾ പരിഗണിച്ചില്ല.

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാകേണ്ട യഥാർഥ പ്രതിക്ക് പകരം മറ്റൊരാളെ കോടതിയിൽ ഹാജരാക്കി നാടകീയ കേസിലെ അഭിഭാഷക.ഹൊസ്‌ദുർഗ് ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിലാണ് സംഭവം.സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. പ്രഭാകരൻ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ നേരത്തെ പല കേസുകൾക്കും ജാമ്യം നിന്ന ആളായതിനാൽ കോടതി ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പേര് ചോദിച്ചപ്പോൾ അറിയാതെ സ്വന്തം പേരുതന്നെ പറഞ്ഞതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. സമാനമായി അഭിഭാഷക ഹാജരാക്കിയ മറ്റു മൂന്നു പേരും യഥാർഥ പ്രതികൾക്ക് പകരക്കാരാണെന്ന് മനസ്സിലായതോടെ കോടതി മറ്റു കേസുകൾ പരിഗണിച്ചില്ല. 

മദ്യപിച്ച് വാഹനമോടിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി നിർദേശപ്രകാരം സംഘടിപ്പിച്ച അദാലത്തിലാണ് അഭിഭാഷകയുടെ തിരിമറി. ഇതിന്റെ ഭാഗമായി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പരിഗണിച്ചപ്പോഴാണ് ആൾമാറാട്ടം നടന്നത്. ആൾമാറാട്ടം തിരിച്ചറിഞ്ഞ കോടതി പ്രതിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. മദ്യപിച്ച വാഹനമോടിച്ച കേസിൽ 10,000 രൂപയാണ് പിഴ. കേസുകൾ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി 500 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. കോടതിയിൽ പ്രതിക്ക് പകരം മറ്റൊരാളെ ഹാജരാക്കിയതിൽ അഭിഭാഷകയ്ക്കെതിരെയും പ്രതിഷേധമുണ്ട്. സംഭവത്തിൽ അഭിഭാഷകയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം