കൂടത്തായി കൂട്ട കൊലപാതകം: നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും; നിർണ്ണായക നീക്കവുമായി പൊലീസ്

By Web TeamFirst Published Oct 28, 2019, 4:04 PM IST
Highlights
  • ജോളിയുടെ മകൻ റോജോ, ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ, സിലിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും
  • ഷാജുവിന്‍റെയും സിലിയുടെയും മകൾ ആൽഫൈന്‍റെ കൊലപാതക കേസിൽ ജോളിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നിർണ്ണായക നീക്കവുമായി പൊലീസ്. ജോളിയുടെ മകൻ റോജോ, ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ, സിലിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരുടെ മൊഴിയാണ് സിആർപിസി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുക.

ഇതിനായി കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. അതേസമയം ജോളിയെ ഇന്ന് ഒരു കൊലപാതക കേസിൽ കൂടി അറസ്റ്റ് ചെയ്തു. ഷാജുവിന്‍റെയും സിലിയുടെയും മകൾ ആൽഫൈന്‍റെ കൊലപാതക കേസിലാണ് അറസ്റ്റ്. തിരുവമ്പാടി സിഐ ആണ് ജോളി കസ്റ്റഡിയിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ആൽഫൈന്‍ വധക്കേസിൽ ജോളിയുടെയും സിലി വധക്കേസിൽ മാത്യുവിന്‍റെയും കസ്റ്റഡി അപേക്ഷകൾ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. താമരശ്ശേരി കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

തിരുവമ്പാടി സിഐ ഷാജു ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആൽഫൈന്‍റെ മരണം അന്വേഷിക്കുന്നത്. തുടക്കത്തിൽ അഞ്ച് കൊലപാതകങ്ങൾ ചെയ്തുവെന്ന് സമ്മതിച്ച ജോളി ആൽഫൈനെ കൊന്നത് താനല്ലെന്ന് വാദിച്ചിരുന്നു. എന്നാൽ മകൻ റോമോയോട് സിലിയെയും ആൽഫൈനെയും കൊന്നത് താന്‍ തന്നെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോമോ ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിഞ്ഞു.

ഇന്നലെ സിലി കൊലക്കേസിൽ മാത്യുവിന്‍റ അറസ്റ്റ് രേഖപ്പെടുത്തി. സിലിയെ കൊല്ലാനുള്ള സയനൈഡ് വാങ്ങി നല്‍കിയത് മാത്യുവാണ് എന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിലിയുടെ സ്വർണാഭരണങ്ങൾ കാണാതായ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

click me!