കൂടത്തായി കൂട്ടമരണം: ദുരൂഹ സാന്നിധ്യമായി ഒരാള്‍, അന്വേഷണം ആറിടത്തും ഉണ്ടായിരുന്ന യുവതിയിലേക്കെന്ന് സൂചന

By Web TeamFirst Published Oct 4, 2019, 4:19 PM IST
Highlights
  • കൂടത്തായി മരണങ്ങളില്‍ സംശയം യുവതിയിലേക്കോ
  • ആറ് മരണങ്ങള്‍ നടക്കുമ്പോഴും ഒരേ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വിവരം
  • കൊലപാതകമെന്ന് സൂചന നല്‍കി പൊലീസ്

കോഴിക്കോട്: കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് അന്വേഷണം നീളുന്നതായാണ്  സൂചന. ഇവര്‍ ബന്ധുക്കളുടെ മരണ ശേഷം  വ്യാജ രേഖകള്‍ ചമച്ച  സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ ആറു പേരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സാമ്പിളുകള്‍ ശേഖരിച്ചു. കോടഞ്ചേരി പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വടകര റൂറല്‍ എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്. മരണങ്ങള്‍ കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

അന്നമ്മ, ഭര്‍ത്താവ്  ടോം തോമസ്, മകന്‍  റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോമിന്‍റെ സഹോദര പുത്രന്‍ ഷാജുവിന്‍റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് ഒരേ ലക്ഷണങ്ങളോടെ മരിച്ചത്. ക്രൈംബ്രാഞ്ചിന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒളിഞ്ഞു കിടക്കുന്ന നിരവധി രഹസ്യങ്ങളാണ് പുറത്തുവരാനുള്ളത്.  2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്.

2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സയും. സിലി 2016ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്‍റെ തുടക്കം. എല്ലാവരും മരിക്കുന്നത് ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. കൊലപാതകമാണെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ സമാനതകളില്ലാത്ത കുറ്റകൃത്യത്തിന്‍റെ കഥകളാകും പുറത്തുവരാനുള്ളത്.

click me!