കൂടത്തായി കൊലപാതക പരമ്പര; വിചാരണ സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി

Published : Jul 26, 2022, 02:14 PM ISTUpdated : Jul 26, 2022, 02:16 PM IST
 കൂടത്തായി കൊലപാതക പരമ്പര; വിചാരണ സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി

Synopsis

കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട്  സ്പെഷൽ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.   

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട്  സ്പെഷൽ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 

കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകൾ കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.  പൊന്നാമറ്റത്തിൽ  ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളി വെവ്വേറെ ജാമ്യാപേക്ഷകൾ  നൽകിയത്. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ  ജാമ്യം സുപ്രീം കോടതി   റദ്ദാക്കിയത് ചൂണ്ടിക്കാട്ടി  പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.  ജോളിക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്. 

Read Also: കൂടത്തായി: ജോളിക്ക് ജാമ്യമില്ല, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി

സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ്  നടത്തിയ ആസൂത്രിത കൊലപാതകങ്ങളാണ് കൂടത്തായി കൂട്ടക്കൊല. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.

പ്രതി കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന വാര്‍ത്ത  ലോകം ഞെട്ടലോടെയാണ് കേട്ടത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019  ജൂലൈയില്‍ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.  എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്.

Read Also: കൂടത്തായി കേസ്: 'വനിതാ ജയിലില്‍ തുടരാം' ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോളിക്ക് പിന്നാലെ  ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയ ബന്ധു മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച സി.പി.എം. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി ഇ. മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു. ഇതില്‍ അഡ്വ. സി. വിജയകുമാറിനെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. 

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.


 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്