മാത്യു മഞ്ചാടിയിൽ ,ആൽഫൈൻ , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ & സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്.
കോഴിക്കോട്: കൂടത്തായ് (Koodathai) കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ (Jolly) ജാമ്യാപേക്ഷകൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. മൃതദേഹാവശിഷ്ടങ്ങളുടെ സാംപിളുകൾ ശാസ്ത്രീയ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. അതിനിടെ, കേസിലെ അഞ്ചാംപ്രതി നോട്ടറി വിജയകുമാറിനെ ഹൈക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി .
പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളി വെവ്വേറെ ജാമ്യാപേക്ഷകൾ നൽകിയത്. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു . ജോളിക്ക് കോടതി ജാമ്യം നിഷേധിച്ചു.
ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.ഇതിനുളള നടപടികൾ ഉടൻ തുടങ്ങും.
അതിനിടെ, നോട്ടറി വിജയകുമാറിനെ പ്രതിചേർത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിന്‍റെ പകർപ്പ് സാക്ഷ്യപ്പെടുത്തയതുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ അഞ്ചാംപ്രതിയാക്കിയത്. ഇതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം വരുന്നത് വരെ വിചാരണയ്ക്കും തടസ്സമുണ്ടായിരുന്നു. വിജയകുമാറിനെ ഒഴിവാക്കിയതോടെ, പ്രതികളുടെ എണ്ണം നാലായി കുറഞ്ഞു. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കോടതി കേൾക്കും. ജൂൺ ആദ്യവാരത്തോടെ വിചാരണയിലേക്ക് കടക്കാനാണ് പ്രോസിക്യൂഷൻ ലക്ഷ്യമിടുന്നത്.
