
പാലക്കാട്: കൂറ്റനാട്ടെ മോഷണ പരമ്പരയിൽ പ്രതി പിടിയിൽ. കാർലോസ് എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടുന്ന മലപ്പുറം മഞ്ചേരി സ്വദേശി അനിൽകുമാർ ആണ് അറസ്റ്റിലായത്. വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂറ്റനാടും തൃത്താലയിലും എത്തിച്ച് തെളിവെടുത്തു. കൂറ്റനാട് വാവനൂരിലും ഇല്ലാസ് നഗറിലും ഭീതിവിതച്ച കള്ളനാണ് പൊലീസ് വലയിലായത്. ആളില്ലാത്ത തക്കം നോക്കി വീട്ടിൽ കയറി മോഷ്ടിക്കുക ആണ് പതിവ്.
മുറികൾ എല്ലാം വലിച്ചുവാരിയിടുന്ന ശീലമാണ്, പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. കൂറ്റനാട് മോഷണവും മോഷണശ്രമവും ഉണ്ടായ വീടുകളിൽ എല്ലാം പ്രതി മുറികൾ വലിച്ചു വാരിയിട്ടിരുന്നു. വിശേഷ ദിവസങ്ങളിൽ പൂട്ടിയിടുന്ന വീടുകളാണ് കാർലോസ് പലപ്പോഴായി ഉന്നംവച്ചത്. കൂറ്റനാട്ടെ മോഷണമെല്ലാം ഓണ ദിവസമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് കള്ളൻ കാർലോസ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. കുളപ്പുള്ളി, വടക്കഞ്ചേരി, തൃത്താല എന്നിവിടങ്ങളിലെ മോഷണക്കേസുകളിലും ഇയാളുടെ തെളിവെടുപ്പ്
Read more:പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം, മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട് രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ളോക്കും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.