മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച് തിരികെ പോകവേ ആംബുലൻസ് അപകടത്തിൽ പെട്ടു

By Web TeamFirst Published Aug 1, 2021, 9:11 AM IST
Highlights

മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. 

കണ്ണൂർ: മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. 

എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്. 

കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്. രാവിലെയോടെ പയ്യാമ്പലം ശ്മശാനത്തിൽ വച്ചാണ് സംസ്കാരം നടത്തുന്നത്. മന്ത്രി എം. വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. അതേസമയം, രഖിലിന്‍റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് രാവിലെ പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കാരം. 

തോക്ക് ബിഹാറിൽ നിന്ന് തന്നെ?

രഖിലിന് തോക്ക് കിട്ടിയത് ബിഹാറിൽ നിന്ന് തന്നെ എന്നുറപ്പിക്കുകയാണ് പൊലീസ്. ഇതിനായി രഖിലിന്‍റെ സുഹൃത്തുക്കളുടേത് അടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഏഴ് തിരകൾ  ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചതെന്നാണ്  പ്രാഥമിക കണ്ടെത്തൽ. രഖിലിന്‍റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിക്കുകയാണ്.

ഏഴ് തിരകൾ ഉതിർക്കാവുന്ന 7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുന്നത്. കൊലപാതകത്തിന് കാരണം  വ്യക്തിവൈരാഗ്യമാണ്. ഇനി അറിയേണ്ടത് തീവ്രതയേറിയ തോക്ക് എങ്ങനെ രഖിലിന്  ലഭിച്ചു എന്നതാണ്. 

പഴകിയ തോക്കാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് ഫൊറൻസിക് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോക്കിന്‍റെ വിശദാംശങ്ങളറിയാൻ രഖിലിന്‍റെ സോഷ്യൽ മീഡിയ ചാറ്റുകൾ അടക്കം പോലീസ് ഫോണിൽ നിന്ന് പരിശോധിച്ചെങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. കോതമംഗലം പോലീസിന്‍റെ പ്രത്യേക സംഘം തോക്കിന്‍റെ ഉറവിടം തേടി കണ്ണൂരിലെത്തിയിട്ടുണ്ട്. രഖിലിന്‍റെ സുഹൃത്തുക്കൾ അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നതിനാണിത്. എന്നാൽ തോക്ക് സംഘടിപ്പിക്കാൻ മാത്രമുള്ള ബന്ധമൊന്നും ഇയാൾക്ക് ഉള്ളതായി അറിയില്ലെന്ന് അടുത്ത സുഹൃത്ത് കൂടിയായ ആദിത്യൻ പറഞ്ഞു.

7.62 എംഎം തോക്കുകൾക്ക് സമാനമായ ചില ആയുധങ്ങൾ ഓൺലൈൻ വഴിയും ലഭ്യമാകുന്നുണ്ട്. ഇതിനെ രൂപാന്തരപ്പെടുത്താനും സാധിക്കും. ഇത്തരം തോക്ക് ഇതര സംസ്ഥാനത്ത് നിന്ന്  പണം കൊടുത്ത് വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് താൽക്കാലികമായി  സംഘടിപ്പിച്ചതോ ആകാനും സാധ്യതയുണ്ട്. ഇതിനായി രഖിൽ അടുത്തകാലത്ത് നടത്തിയ അന്തർ സംസ്ഥാന യാത്രകൾ പോലീസ് പരിശോധിക്കുന്നുണ്ട്. 

മാനസയെ എന്നും നിരീക്ഷിച്ച് രഖിൽ

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കേരളത്തെ നടുക്കിയ അരുംകൊല നടന്നത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസ തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് യുവാവ് എത്തിയത്. രഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി. യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട ഭയന്ന മറ്റ് വിദ്യാർഥികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണ കൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി മുകളിലത്തെ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് വെടിയേറ്റ നിലയിൽ ഇരുവരേയും കണ്ടത്. മാനസയ്ക്ക് നേരിയ അനക്കമുണ്ടായിരുന്നു.

നാട്ടുകാർ തന്നെയാണ് ഇരുവരെയും കിട്ടിയ വാഹനത്തിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെയെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കണ്ണൂർ സ്വദേശികളായ മാനസയും രഖിലും ദീർഘകാലം അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നു. ഈ സൗഹൃദം തകർന്നതാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് നിഗമനം. ഇന്‍റീരിയർ ഡിസൈനറായ രഖിൽ ഒരു മാസം മുമ്പേ തന്നെ നെല്ലിമറ്റത്തെത്തി മുറിയെടുത്തിരുന്നു. ഇയാൾ തുടർച്ചയായി ഇവിടെ നിന്ന് മാനസയെ നിരീക്ഷിക്കാറുണ്ടായിരുന്നു എന്നാണ് ലോഡ്ജുടമ തന്നെ പറയുന്നത്. 

click me!