കോതമംഗലത്തെ 'റോഡ് ഷോ'; പിടികൂടിയ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടു നൽകി, കുറ്റബോധമില്ലെന്ന് റോയി കുര്യന്‍

By Web TeamFirst Published Aug 6, 2020, 1:23 AM IST
Highlights

കുറ്റബോധം തോന്നേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോഡ് ഷോ നടത്തിയ വിവാദ ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ പ്രതികരിച്ചത്.

കോതമംഗംലം: കോതമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ്ഷോ നടത്തിയതിന് പിടികൂടിയ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടു നൽകി. ഒരു ബെൻസ് കാറും ആറ് ടോറസ് ലോറികളുമാണ് ജാമ്യ വ്യവസ്ഥയിൽ വിട്ടു നൽകിയത്. കുറ്റബോധം തോന്നേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോഡ് ഷോ നടത്തിയ വിവാദ ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ പ്രതികരിച്ചത്.

കഴിഞ ആഴ്ചയാണ് ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ ബെൻസ് കാറിന് മുകളിലേറി ടോറസ് ലോറികളുടെ അകമ്പടിയിൽ റോഡ് ഷോ നടത്തിയത്. അപകടകരമാം വിധം വാഹനമോടിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോയിക്കും വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരുന്നു. കേസിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കോടതി വിട്ടു നൽകിയത്. 

രണ്ട് ആൾ ജാമ്യവും തത്തുല്യമായ ഈടിൻ മേലുമാണ് ഒരു ബെൻസ് കാറും ആറ് ടോറസ് ലോറികളും തിരിച്ചു നൽകിയത്. ഡ്രൈവർമാർക്ക് പരിശീലനം നൽകാനായിരുന്നു വാഹനങ്ങൾ നിരത്തിലിറക്കിയതെന്നാണ് റോയിയുടെ വിശദീകരണം. അത്ര വലിയ തെറ്റൊന്നും ചെയ്തില്ലെന്നും കുറ്റബോധമില്ലെന്നും പ്രതികരണം.

Read more at: 'ആ ഷോ' വേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും; വിവാദ വ്യവസായിക്കെതിരെ കേസെടുത്തു 

താത്കാലിക റെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ കാർ ഉപയോഗിച്ചാണ് റോഡ്ഷോ നടത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശി ഗൗതമിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികൾ.

click me!