കോതമംഗലം: കോതമംഗലത്ത് ബെൻസിനു മുകളിൽ കയറിയിരുന്ന് റോഡ് ഷോ നടത്തിയ ക്വാറി ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പും കേസെടുത്തു. റോഡ് ഷോയ്ക്ക് ഉപയോഗിച്ച ഏഴ് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് ചട്ടം ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയതിന് പിന്നാലെയായിരുന്നു  ക്വാറി ഉടമ റോയ് തോമസിന്‍റെ റോഡ് ഷോ. 

താത്കാലിക രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും കാർ ഉപയോഗിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനു പുറമെ അപകടകരമായ വിധത്തിൽ വണ്ടി ഓടിച്ചതിനും, ഗതാഗത തടസ്സം ശൃഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും റോയി കുര്യനെതിരെയും ഏഴ് ഡ്രൈവർമാർക്കെതിരെയും പൊലീസും കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ അനിൽ പറഞ്ഞു.

റോഡ് ഷോയിൽ പങ്കെടുത്ത ഏഴ് വാഹനങ്ങൾ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. റോയി കുരിയൻ മുകളിൽ കയറിയിരുന്ന് സഞ്ചരിച്ച ബെൻസ് കാറും, ആറ് ടോറസ് ലോറികളുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സ്വദേശി ഗൗതമിൻറേതാണ് 6 ലോറികൾ.