
കോഴിക്കോട് : കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി വിവരങ്ങൾ തേടും. പെൺകുട്ടിക്ക് റമീസിൽ നിന്ന് മർദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസിനെ രേഖപ്പെടുത്തും. റമീസിന്‍റെ മാതാപിതാക്കളെ ഉൾപ്പെടെ ഉടൻ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. റിമാൻഡിൽ ആയ റമീസ് കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കച്ചുവെന്നതടക്കം വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.റമീസിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇന്നലെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്ത റമീസ് ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ എല്ലാം സമ്മതിച്ചു. ഇരുവരും തമ്മിൽ നടന്ന വാട്സ്അപ്പ് ചാറ്റുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സഹോദരൻ ബേസിലിന്റെയും അമ്മ ബിന്ദുവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ആലുവ യുസി കോളേജിൽ വച്ചാണ് റമീസും സോനയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത് മുതൽ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചത് സോനയെ മാനസിക പ്രതിസന്ധിയിലാക്കി. എന്നാൽ ആരേയും മർദിച്ചിട്ടില്ലെന്നും മതം മാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്നുമാണ് റമീസിന്‍റെ കുടുംബം പ്രതികരിച്ചത്.