വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ തണ്ണീർമുക്കം ബണ്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By Web TeamFirst Published Jun 6, 2020, 11:17 AM IST
Highlights

കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരൻ മുഹമ്മദ് ബിലാലാണ് ക്രൂരകൃത്യം നടത്തിയത്. 

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ തണ്ണീർമുക്കം ബണ്ടിലെത്തിച്ച് തെളിവെടുപ്പ്‌ നടത്തി. ഷീബ - സാലി ദമ്പതികളുടെ മൊബൈൽ ഫോൺ ഇവിടെയാണ് പ്രതി ഉപേക്ഷിച്ചത്. കൂടാതെ നഷ്ടപ്പെട്ട ബാക്കി സ്വർണ്ണാഭരണത്തിനായും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരൻ മുഹമ്മദ് ബിലാലാണ് ക്രൂരകൃത്യം നടത്തിയത്. സംഭവദിവസം രാവിലെ മുൻപുണ്ടായിരുന്ന പരിചയം പുതുക്കാനാണ് ദമ്പതികളുടെ വീട്ടില്‍ ബിലാലെത്തുന്നത്. സ്വീകരണ മുറയില്‍ സംസാരിച്ചിരിക്കെ ഷീബ ചായയും ചപ്പാത്തിയും ബിലാലിന് നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ തക്കത്തിന് സ്വീകരണ മുറിയിലെ ടീപ്പോയെടുത്ത് സാലിയെ ബിലാല്‍ അടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഷീബയെയും അടിച്ച് വീഴ്ത്തി. 

മരണം ഉറപ്പിക്കാൻ വീണ്ടും ആഞ്ഞടിച്ചു. ഷീബയുടെ 55 പവൻ സ്വര്‍ണ്ണം കൈക്കലാക്കിയ പ്രതി രക്ഷപ്പെടും മുൻപ് തെളിവ് നശിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. ഷീബയുടേയും സാലിയുടേയും കൈ കെട്ടി ഇരുമ്പ് കമ്പി കൊണ്ട് ഷോക്കടിപ്പിക്കാനായിരുന്നു ഉദ്ദേശം. വൈദ്യുതി ഇല്ലാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. പിന്നീട്, വീട് അടക്കം എല്ലാം പൊട്ടിത്തെറിപ്പിക്കാന്‍ വേണ്ടി പ്രതി, അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടു.

വീട്ടിലെ കാറുമായി കുമരകം ചെങ്ങളം വഴിയാണ് ഇയാള്‍ കടന്നത്. ചെങ്ങളത്തെ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യം നിര്‍ണ്ണായക തെളിവായി. ഇവിടത്തെ ദൃശ്യം ശേഖരിച്ച പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ വച്ചാണ് ബിലാലിനെ പിടികൂടിയത്. അക്രമം മറ്റാരെയും അറിയിക്കാതിരിക്കാൻ ഷീബയുടെ ഫോണും പ്രതി കൈക്കലാക്കിയിരുന്നു. ഇന്നലെ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകളുണ്ട്.

click me!