
ബെംഗളുരു: കോഴിക്കോട് എലത്തൂർ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി വലയിലായതെന്നും രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്ട്രാ എടിഎസ് വാർത്താക്കുറിപ്പില്‍ പറയുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എടിഎം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എടിഎസ് വാർത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി. പ്രതിയുമായി കേരള പൊലീസ് സംഘം ഉടന്‍ റോഡ് മാര്‍ഗം കേരളത്തിലേക്ക് തിരിക്കും എന്നാണ് വിവരം.
അതിനിടെ, ഷാറൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ദില്ലി പൊലീസ് സെപഷ്യൽ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പൊലീസ് സംഘവും ഒപ്പമുണ്ട്. ദില്ലി പൊലീസ് ഷാരൂഖിന്റെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വീട്ടിലെത്തിയ കേരള പൊലീസ് സംഘം കാണിച്ച ഫോട്ടോ മകന്‍റേതെന്ന് ഷഹീൻ ബാഗിൽ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രെയിൻ തീവെപ്പ് നടന്ന സ്ഥലത്ത് കണ്ട ടീ ഷർട്ട് മകന്‍റേതാണ്. ടീ ഷർട്ട് മകൻ വീട്ടിൽ ഉപ യോഗിക്കുന്നതാണ്. ഇത് ഇവിടെ എങ്ങനെയെത്തിയെന്ന് അറിയില്ല. മകനെ കഴിഞ്ഞ മാസം 31 മുതലാണ് കാണതായത്. രണ്ടാം തീയതിയാണ് ദില്ലി പൊലീസിൽ പരാതി നൽകിയതെന്നും ഷാറൂഖിന്‍റെ പിതാവ് ഫക്രുദ്ദീൻ പറഞ്ഞു.