
കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍ത്താഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അല്‍ത്താഫ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കുകളേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. മുന്‍പും നിരവധി തവണ യുവതിക്ക് അല്‍ത്താഫിന്റെ മര്‍ദ്ദനമേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് യുവതിയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നല്‍കിയ സ്വര്‍ണമെല്ലാം അല്‍ത്താഫ് വിറ്റിരുന്നു. അല്‍ത്താഫിന്റെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചു. പിന്നീട് വിവാഹേതരബന്ധം ആരോപിച്ചും മര്‍ദ്ദിക്കുമായിരുന്നു. അല്‍ത്താഫ് മയക്കുമരുന്ന് കേസില്‍ അടക്കം പ്രതിയാണെന്ന് അടുത്താണ് അറിഞ്ഞതെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
രാജിക്ക് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെ സിപിഎം നേതാവിന്റെ വധഭീഷണിയെന്ന് പരാതി
മലമ്പുഴ: പാലക്കാട് എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവിനെതിരെ സിപിഎം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയതായി പരാതി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പുതുശ്ശേരി ഏരിയ മുന്‍ സെക്രട്ടറി കെ.എസ്. അഭിശാന്താണു മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരിശോധിച്ച് പ്രതികരിക്കുമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഭിശാന്തിനെ എസ്എഫ്‌ഐയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്.
പിന്നാലെ ഡിവൈഎഫ്‌ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളിലെ അംഗത്വവും അഭിശാന്ത് രാജിവച്ചു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയാല്‍ കൊലപ്പെടുത്തുമെന്ന് കൊടൂമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ സിപിഎം നേതാവ് സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും സന്ദേശമയച്ചെന്നാണ് അഭിശാന്തിന്റെ പരാതി. പെണ്‍കുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതാണ് നേതാവിന്റെ വിരോധ കാരണമെന്നാണ് അഭിശാന്ത് പറയുന്നത്. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കോടതിയെ സമീപിപ്പിക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.