കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സചേഞ്ച് : ഒരാളെ അറസ്റ്റ് ചെയ്തു, രണ്ടുപേർ കസ്റ്റഡിയിൽ

By Web TeamFirst Published Jul 2, 2021, 8:26 PM IST
Highlights

നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  സംവിധാനം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ് ആണ് അറസ്റ്റിലായത്. 

കോഴിക്കോട്: നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  സംവിധാനം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ് ആണ് അറസ്റ്റിലായത്.  രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ജുറൈസിനെ പിന്നീട് കോടതിയിൽ ഹാജരാക്കും.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അഞ്ച് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുകളാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങൾ അന്താരാഷ്ട്ര കോളുകൾ നിയമപരമല്ലാത്ത നെറ്റ്വർക്കിങ് എന്നിവയാണ് പ്രാഥമികമായ കണ്ടെത്തൽ. അറസ്റ്റ് ചെയ്ത കോഴിക്കോട് കൊളത്തറ സ്വദേശിയേയും കസ്റ്റഡിയിലുള്ളവരെയും കൂടുതൽ ചോദ്യം ചെയ്താലെ രാജ്യവിരുദ്ധ പ്രവർത്തനത്തിനടക്കം ഉപയോഗിച്ചോ എന്ന കാര്യം വ്യകതമാകൂ. 

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ കുറിച്ച് നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് കോഴിക്കോടും ഐബി പരിശോധന നടത്തിയത്. വിവിധ സർവ്വീസ് പ്രൊവൈഡറുകളുടെ 720 സിം കാർഡുകളാണ് അഞ്ച് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെത്തിയത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു. ഇതിനായി ഉടൻ സർവ്വീസ് പ്രൊവൈഡറുകളെ സമീപിക്കാനാണ് പൊലീസ് തീരുമാനം.  

ഈയിടെ നടന്ന അന്വേഷണത്തില്‍ സമാന്തര എക്സ്ചേഞ്ച് നടത്തിയതിന് മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ട് എന്നയാള്‍ പിടിയിലായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കോഴിക്കോട്ടെ റെയ്ഡെന്നും സൂചനയുണ്ട്. 2017ലും കോഴിക്കോട്ട് അന്വേഷണ ഏജന്‍സികള്‍ സമാന്തര ടെലിഫോണ്‍  എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ വാട്ട്സാപ്പ് കോളുകള്‍ക്ക് അനുമതി നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കോളുകള്‍ ചെയ്യാനാന്‍  പലരും  ഇത്തരം സമാന്തര എക്സ്ചേഞ്ച്  ഉപയോഗിക്കുന്നുണ്ട്.

click me!