മര്‍ദ്ദിച്ചിട്ടും മതിയായില്ല; യുവാവിന് നേരെ മണ്ണ് മാഫിയയുടെ കൊലവിളി, പുറത്തിറങ്ങിയാല്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണി

By Web TeamFirst Published Jan 27, 2020, 9:19 AM IST
Highlights

കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ച മഹേഷ് വിജയനെ മണ്ണ് മാഫിയക്കാരായ ഒരു കൂട്ടം കരാറുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മാഫിയ സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്.

കോട്ടയം: കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി. വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് മര്‍ദ്ദിക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ച മഹേഷ് വിജയനെ മണ്ണ് മാഫിയക്കാരായ ഒരു കൂട്ടം കരാറുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മാഫിയ സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മഹേഷ് വിജയൻ നല്‍കിയിരുന്നു. കൂടാതെ മണ്ണെടുപ്പ് സംബന്ധിച്ച് വിവരാവകാശ രേഖകളും ധാരാളം സംഘടിപ്പിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് മദ്യപിച്ചെത്തിയ സംഘം മഹേഷിനെ മര്‍ദ്ദിച്ചത്. ഭിത്തിയില്‍ തല ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നല്ല പരിക്കേറ്റിരുന്നു. മഹേഷിന്‍റെ ഫോണ്‍ അക്രമികള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു. അതേസമയം മര്‍ദ്ദിച്ചവരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ട പൊലീസ് തന്‍റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും മഹേഷ് പരാതി ഉന്നയിച്ചിരുന്നു. കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കാൻ ഒരുങ്ങവേയാണ് വീണ്ടും മഹേഷിനെതിരെ മണ്ണ് മാഫിയ കൊലവിളി നടത്തിയിരിക്കുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്‍റെ വിശദീകരണം.

"

click me!