
തൃശ്ശൂർ: തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250ലധികം പേരാണ് ഉള്ളത്. വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു. ഇന്നലെ രാത്രി കൈപ്പമംഗലം , അഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്.
സംഭവത്തെ കുറിച്ച് എക്സൈസ് പറയുന്നത് ഇങ്ങനെ
സ്കൂട്ടറിൽ എംഡിഎംഎ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിൽ ഉള്ള പതിനേഴും 25നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിൽ ഉണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും, തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിൽ ഉണ്ട്.
Read more: 'ഭീകരവാദികള്‍ പോലും ചെയ്യാത്ത മര്‍ദ്ദനം', കിളികൊല്ലൂര്‍ വിഷയത്തില്‍ സൈന്യം ഇടപെടുന്നു
പട്ടികയിൽ പേരുള്ളവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. പലരും ഗൂഗിൾ പേ വഴിയാണ് പ്രതികളുമായി ഇടപാട് നടത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലും ഇടപാടുകാരുടെ നമ്പർ ഉണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ വിദ്യാർത്ഥികളെ കണ്ടെത്താനാണ് എക്സൈസ് ശ്രമിക്കുന്നത്. പ്രതികളായ മൂന്ന് പേർക്കും എംഡിഎംഎ കിട്ടിയിരുന്നത് ബാംഗ്ലൂർ വഴിയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും എക്സൈസ് പരിശോധിക്കും. പിടിയിലായവരെ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വിമുക്തി പരിപാടിയുടെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്തുമെന്നും ഇവരെ ലഹരിമുക്തമാക്കുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam