
ചൈബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 26 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതി പ്രശസ്തമായ ഒരു മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോമിലാണ് എന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ ആണ്‍ സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ചൈബാസയിലെ പഴയ എയർഡ്രോമിന് സമീപം സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പത്തിലേറെപ്പേര്‍ അടങ്ങിയ സംഘം യുവതിയെയും യുവാവിനെയും തടയുകയും, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ മർദിക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ മുഫാസിൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദിലീപ് ഖൽകോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പേഴ്‌സും മൊബൈൽ ഫോണും ഇവര്‍ മോഷ്ടിച്ചിരുന്നു. യുവതി തനിച്ച് വീട്ടിലെത്തി, വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. സദർ ഹോസ്പിറ്റലിൽ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
അതേ സമയം കൂട്ടബലാത്സംഗ കേസില്‍ ജാർഖണ്ഡ് സര്‍ക്കാറിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്ത് എത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് നടന്ന ബലാത്സംഗ സംഭവങ്ങളിൽ സോറന്‍റെ സർക്കാർ തീർത്തും നിർവികാരമാണെന്ന് ബിജെപിയുടെ മുൻ മുഖ്യമന്ത്രി രഘുബർ ദാസ് പിടിഐയോട് പറഞ്ഞു.
ക്രമസമാധാനം പൂർണമായും തകർന്നതിനാൽ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേ സമയം ചൈബാസയിലെ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിടില്ലെന്നും അവർക്കെതിരെ കർശനമായ ശിക്ഷ ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ ജെഎംഎം അറിയിച്ചു.
ഇത്തരം കേസുകളിൽ സംസ്ഥാന സർക്കാർ ത്വരിതഗതിയിലുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും ചൈബാസ സംഭവത്തിലും അത് ചെയ്യുമെന്നും സോറന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി ജെഎംഎം വക്താവ് മോഹൻ കർമാകർ പറഞ്ഞു.
സോറൻ സർക്കാരിന്റെ ക്ഷേമ പരിപാടികൾക്ക് ലഭിക്കുന്ന മികച്ച പിന്തുണയിൽ ബിജെപി പരിഭ്രാന്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പോലീസ് ഡിപ്പാർട്ട്‌മെന്റിനെ കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്നും കർമാക്കർ പറഞ്ഞു.
ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു; ആരോപണവുമായി 'പടവെട്ട്' സംവിധായകന്‍
യൂബർ ടാക്സിയിൽ ബലാത്സംഗം: പ്രതിക്ക് 5 വർഷം കഠിന തടവ്, ശിക്ഷിച്ചത് എറണാകുളം പോക്സോ കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam