
കൊല്ലം: കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കോച്ചിംഗ് ക്ലാസിന് കൊല്ലത്ത് പോയിരുന്ന മുസമ്മിൽ സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ ബൗണ്ടർ മുക്കിൽ ബസ് ബ്രേക്ക് ഡൗൺ ആയി. മുസമ്മിൽ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളും യാത്രക്കാരും ഇറങ്ങി നിന്ന സമയം അതുവഴി സ്കൂട്ടറിലെത്തിയതായിരുന്നു കൊട്ടിയം ഷിജു. വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. ഇതിന് പിന്നാലെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ദിച്ച് കഴുത്തിന് കുത്തിപ്പിടിച്ച് ബസിനോട് ചേർത്ത് വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
സുഹൃത്തായ തീപ്പൊരി ഷിബുവുമായി ചേർന്നായിരുന്നു മർദ്ദനം. ആക്രമണത്തിൽ മുസമ്മിലിൻ്റെ കർണ്ണപടം തകർന്നു. ആന്തരിക രക്‌ത സ്രാവം ഉണ്ടായി തലച്ചോറിനും പരിക്കേറ്റു. രണ്ടാം പ്രതി തീപ്പൊരി ഷിബുവിനെ നേരത്തെ പിടികൂടി. ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്ന് പൊലീസ് പൊക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam