
ലോണ്‍ ആപ്പുകളുടെ കെണിയിലാകുന്നവരുടെ പട്ടിക നീളുകയാണ്. മുപ്പതിനായിരം രൂപയുടെ വായ്പയുടെ പേരില്‍ നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യാവാര്‍ത്തയുടെ ഞെട്ടലിലാണ് ആന്ധ്ര. അതും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതിന്‍റെ മനോവിഷമത്തില്‍.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്‍ങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി.വായ്പാതിരിച്ചടവ് തുകയും ഇരട്ടിച്ചു. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങി.
പെയിന്‍റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും കൂടി ചെയ്ത് വായ്പ തിരിച്ചടയ്ക്കാനായിരുന്നു റാവുവിന്‍റെ ശ്രമം. എന്നാല്‍ ഇതും നടന്നില്ല. ചൊവ്വാഴ്ച ദുര്‍ഗറാവുവിന്‍റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.
കടുത്ത മനാസികസംഘര്‍ഷത്തിലായിരുന്നു കുടുംബം. ഒടുവില്‍ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ‍്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്ധ്രയില്‍ ആറ് മാസങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയെ തുടര്‍ന്ന് ഉറ്റവരെ നഷ്ടപ്പെട്ട നാലാമത്തെ കുടുംബമാണിത്.
ദാരുണസംഭവത്തില്‍ ആന്ധ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം തുടങ്ങി. ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് എതിരെ നടപടിക്ക് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന ഉറപ്പുകള്‍ക്കിടയിലും ഓണ്‍ലൈന്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നവര്‍ക്ക് കുറവില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam