
ബെംഗളൂരു: ഇരട്ട കൊലപാതകത്തിൽ ജയിലിൽ കഴിഞ്ഞത് 37 വർഷം. ഒടുവിൽ 72ാം വയസിൽ പുറത്തിറങ്ങി സായ്ബണ്ണ എൻ നടികർ. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നുമാണ് രാജ്യത്ത് തന്നെ ഏറ്റവും ദീർഘകാലത്തെ തടവ് ശിക്ഷ അനുഭവിച്ച് 72കാരൻ പുറത്തിറങ്ങുന്നത്. സംശയരോഗിയായിരുന്ന സായ്ബണ്ണ എൻ നടികർ 1988ലാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തി അറസ്റ്റിലാവുന്നത്. ഈ കേസിൽ കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ജയിലിൽ കഴിഞ്ഞിരുന്ന സായ്ബണ്ണ എൻ നടികർ 1994ൽ പരോളിൽ പുറത്തിറങ്ങി. ഈ സമയത്താണ് നാഗമ്മ എന്ന സ്ത്രീയ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ സായ്ബണ്ണ എൻ നടികർക്ക് ഒരു പെൺകുട്ടിയുടെ അച്ഛനുമായി. എന്നാൽ സംശയ രോഗം കലശലായതോടെ ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഭാര്യയെയും സായ്ബണ്ണ എൻ നടികർ ക്രൂരമായി കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച സ്വന്തം മകളായ വിജയലക്ഷ്മിയെയും സായ്ബണ്ണ എൻ നടികർ വകവരുത്തി.
മുപ്പത് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടും തന്റെ പ്രവർത്തികളിൽ അൽപം പോലും കുറ്റബോധമില്ലാത്തതാണ് സായ്ബണ്ണ എൻ നടികറുടെ ഞെട്ടിക്കുന്ന പ്രതികരണം. ഭാര്യമാർ അവിശ്വസ്തത കാണിച്ചതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അവർ മരണം അർഹിച്ചിരുന്നുവെന്നുമാണ് സായ്ബണ്ണ എൻ നടികർ ജയിൽ മോചിതനായ ശേഷം പ്രതികരിക്കുന്നത്. രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതിന് ഇയാളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ കർണാടക ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. പത്ത് വർഷത്തോളം ഏകാന്ത തടവിലും ഇയാൾ കഴിഞ്ഞിട്ടുണ്ട്. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സായ്ബണ്ണ എൻ നടികറുടെ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം ഇയാൾക്ക് അനുകൂലമായി വരികയായിരുന്നു. ഭാര്യമാരുടെ കൊലപാതകം ക്രൂരതയായി കാണുന്നില്ലെന്നാണ് സായ്ബണ്ണ എൻ നടികർ ജയിൽ മോചനത്തിന് പിന്നാലെ പ്രതികരിച്ചത്.
സഹകരണ മേഖലയിൽ ജോലി ചെയ്തിരുന്ന തനിക്ക് ഈ കൊലപാതകങ്ങൾ കാരണം ജോലി നഷ്ടമായെന്നും, നിലവിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന പത്തേക്കറോളം വരുന്ന കൃഷിഭൂമി നഷ്ടപ്പെടേണ്ടി വന്നതുമാണ് സായ്ബണ്ണ എൻ നടികർക്ക് നിരാശയുള്ള കാര്യങ്ങൾ. ജയിലിന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സായ്ബണ്ണ തന്റെ പഴയ വാദങ്ങൾ വീണ്ടും ആവർത്തിച്ചു. ആദ്യ ഭാര്യയോടൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് താൻ ഭാര്യയെ കൊന്നതെന്നും, രണ്ടാമത്തെ ഭാര്യയെ തെറ്റായ വഴിക്ക് നയിക്കാൻ പ്രേരിപ്പിച്ചത് ഭാര്യാമാതാവാണെന്നുമാണ് ജയിൽ മോചനത്തിന് പിന്നാലെ ഇയാൾ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam