
പട്ന: കാർ, ഓട്ടോ, ബസ്, വിമാനം, ട്രെയിൻ എന്നിങ്ങനെ ഏത് രീതിയിലുള്ള യാത്രയിലും സ്ത്രീകൾ നേരിടേണ്ടി വന്നേക്കാവുന്ന ദുരനുഭവത്തിന്റെ നേർക്കാഴ്ചയുമായി ജെഇഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി. ബിഹാറിലെ ഛാപ്രയിൽ ട്രെയിനിനുള്ളിൽ വച്ചാണ് വിദ്യാർത്ഥിനിക്ക് സഹയാത്രികരിൽ നിന്ന് ദുരനുഭവം നേരിട്ടത്. പാട്ലിപുത്ര എക്സ്പ്രസിലെ ജനറൽ കംപാർട്ട് മെന്റിൽ സിവാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനി. ജനറൽ കംപാർട്ട്മെന്റിലെ അപ്പർ ബർത്തിൽ കിടക്കുകയായിരുന്നു വിദ്യാർത്ഥിനിയെ ഒന്നിലധികം വയോധികരാണ് അനാവശ്യമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചത്. സീറ്റിൽ പരമാവധി ഒതുങ്ങിയിരുന്നിട്ടും ഇത്തരം സ്പർശന ശ്രമങ്ങൾ തുടർന്നതായാണ് വിദ്യാർത്ഥിനി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ വിശദമാക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അപ്പർ ബർത്തിന്റെ ചെറിയ വിടവിലൂടെയാണ് വയോധികർ വിദ്യാർത്ഥിനിയെ ശല്യം ചെയ്തിരുന്നത്. ബെർത്തിന് തൊട്ടുതാഴെയുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ മുകളിലേക്ക് കൈകൾ നീട്ടി യുവതിയുടെ ശരീരത്തിൽ തൊടാൻ ശ്രമിക്കുകയുമായിരുന്നു.
കൈകൾ മാറ്റമണെന്ന് വിനീതമായി അപേക്ഷിച്ചെങ്കിലും മാറ്റമില്ലാതെ ശല്യം തുടർന്നതോടെ വിദ്യാർത്ഥിനി മറ്റൊരു ജനറൽ കംപാർട്ട്മെന്റിൽ കയറി. തിരക്ക് അധികമായതിനാൽ എസി കോച്ചിനും ജനറൽ കോച്ചിനും ഇടയിലുള്ള സ്ഥലത്ത് നിന്ന സമയത്ത് റെയിൽവേ പരീക്ഷാ സഹായ കേന്ദ്രത്തിലെ ജീവനക്കാരനാണ് എന്ന് പരിചയപ്പെടുത്തിയ യുവാവ് പരീക്ഷയിൽ ജയിക്കാൻ സഹായിക്കാമെന്നും പണം നൽകിയാൽ മതിയെന്നും പറഞ്ഞ് ശല്യം ചെയ്തെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിക്കുന്നത്. അനു ഡയറി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിദ്യാർത്ഥിനി തന്റെ അനുഭവം വ്യക്തമാക്കിയിട്ടുള്ളത്. ട്രെയിൻ യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചകളും തുറന്നുകാട്ടുന്നതാണ് യുവതി പങ്കുവെച്ച കുറിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam