പാലക്കാട് ദുരൂഹ സാഹചര്യത്തില്‍ ആന ചെരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ക്കായി ലുക്കൌട്ട് നോട്ടീസ്

By Web TeamFirst Published Jun 13, 2020, 12:48 PM IST
Highlights

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ പ്രധാന പ്രതികളായ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവരെ ദിവസങ്ങളായും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക് ഒട്ട് നോട്ടീസ് തയ്യാറാക്കിയത്.

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒന്നും രണ്ടുപ്രതികൾക്കായി ലുക് ഔട്ട് നോട്ടീസ് തയ്യാറാക്കി പൊലീസ്. പ്രതികളായ അബ്ദുൾകരീം, റിയാസുദ്ദീൻ എന്നിവർക്കായാണ് ലുക് ഔട്ട് നോട്ടീസ് തയ്യാറായിരിക്കുന്നത്. ഇവർ തയ്യാറാക്കിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ആനയാണ് വെളളിയാർ പുഴയിൽ ചരിഞ്ഞതെന്ന് അറസ്റ്റിലായ മൂന്നാംപ്രതി വിൽസൺ മൊഴി നൽകിയിരുന്നു. 

സംഭവത്തിലെ പ്രധാന പ്രതികളായ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവരെ ദിവസങ്ങളായും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക് ഒട്ട് നോട്ടീസ് തയ്യാറാക്കിയത്. മൂന്നാം പ്രതിയായ ഇവരുടെ തോട്ടത്തിലെ തൊഴിലാളി വിൽസണെ ഈ മാസം 5ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികൾക്കായി വനം- പൊലീസ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും കോടതിയിൽ കീഴടങ്ങുമെന്നും അന്വേഷണ സംഘത്തിന് സൂചനകളുണ്ടായിരുന്നു. ഇതിനേത്തുടർന്ന് പട്ടാമ്പി, മണ്ണാർക്കാട് കോടതികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇവരുടെ ബന്ധുക്കളുമായി അന്വേഷണ സംഘം ആശയവിനിമയ നടത്തിയിരുന്നെങ്കിലും ഇവർ എവിടെയെന്നതിനെക്കുറിച്ച് വിവരവും കിട്ടിയില്ല. പിടിയിലായ മൂന്നാംപ്രതിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇവരുടെ നീക്കമെന്നും ആരോപണമുയർന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പാലക്കാട് മലപ്പുറം, തൃശ്ശുർ ജില്ലകളിലെ പ്രധാനയിടങ്ങളിൽ നോട്ടീസ് ഒട്ടിക്കും. കഴിഞ്ഞമാസം 27നാണ് ഗുരുതരമായി പൊളളലേറ്റ കാട്ടാന വെളളിയാർ പുഴയിൽ  വച്ച്  ചരിഞ്ഞത്.  ഇവരുടെ തോട്ടത്തിൽ തയ്യാറാക്കിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് പരിക്കേറ്റതെന്നായിരുന്നു അറസ്റ്റിലായ വിൽസണ്‍ നൽകിയ  മൊഴി. തോട്ടത്തിലെതെളിവെടുപ്പിൽ വെടിമരുന്നും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

click me!