
കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ ആയി എത്തിച്ച ലഹരിമരുന്ന് പിടികൂടി. പോസ്റ്റ് ഓഫീസിലെത്തിച്ച മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് എക്സൈസ് പിടിച്ചെടുത്തത്. പാറാൽ സ്വദേശി കെ പി ശ്രീരാഗിന്റെ പേരിൽ എത്തിയ പാഴ്സലില്‍ ആയിരുന്നു 70 എൽഎസ്ഡി സ്റ്റാമ്പുകൾ ഉണ്ടായിരുന്നത്. പോസ്റ്റ് ഓഫീസ് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘമെത്തി പാർസൽ തുറന്നു പരിശോധിക്കുകയായിരുന്നു.
നെതർലാൻഡ്സിലെ റോട്ടർഡാമിൽ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. മെയ് ഒന്നിന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നത് എന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നെമിസിസ് മാർക്കറ്റ് എന്ന ഡാർക് വെബ്സൈറ്റിൽ അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറിയാണ് എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങിയത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗ് നേരെത്തെയും കൂത്തുപറമ്പ് എക്സൈസ് പിടിയിലായിട്ടുണ്ട്.
അതേസമയം, നിരോധിത പുകയല്ല ഉത്പന്നങ്ങളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിലായിരുന്നു. മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടിൽ സാബുവി(46)നെ ആണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സാബുവിന്‍റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടികൂടിയ പാൻമസാല ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ക്ക് മാർക്കറ്റിൽ ഏകദേശം രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസ് പറയുന്നത്.
ഇവ ബിനു എന്ന വ്യക്തി ഹോൾസെയിൽ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊല്ലത്തും സമാനമായി ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. കരുനാഗപ്പള്ളിയിലാണ് വീണ്ടും വൻ പാൻമസാല വേട്ട നടന്നത്. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ടരയോടെയാണ് ദേശീയ പാതയിൽ വെച്ച് പൊലീസ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam