യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി; ആരോപണം തെറ്റെന്ന് എരുമേലി സിഐ

By Web TeamFirst Published Jul 11, 2019, 12:01 AM IST
Highlights

എരുമേലിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കനകപ്പലം സ്വദേശി വിനീത് ചന്ദ്രനാണ് പരാതിക്കാരൻ.

കോട്ടയം: എരുമേലിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കനകപ്പലം സ്വദേശി വിനീത് ചന്ദ്രനാണ് പരാതിക്കാരൻ.

ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ അടിപിടിക്കേസ് പരിഹരിക്കുന്നതിനായാണ് വിനീത് ചന്ദ്രനെ എരുമേലി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സുഹൃത്തുമായി സ്റ്റേഷനില്‍ എത്തിയ വിനീതിനെ സിഐ അകത്തേക്ക് കൊണ്ട് പോയി മര്‍ദ്ദിച്ചെന്നാണ് പരാതി. സ്റ്റേഷന് വെളിയില്‍ എത്തിയ വിനീത് മര്‍ദ്ദന വിവരം സുഹൃത്തുക്കളോട് പറഞ്ഞു. പെട്ടെന്ന് അവശനിലയിലായ ഇയാള്‍ ശര്‍ദ്ദിച്ചു. സുഹൃത്തുക്കള്‍ ഇയാളെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും അടിവയറ്റിലെ വേദന കാരണം ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ നിര്‍ദേശിച്ചു.

വിനീതിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. എന്നാല്‍ താൻ വിനീതിനെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നാണ് എരുമേലി സിഐ വ്യക്തമാക്കി. സംഭവം നടന്നുവെന്ന് പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഈ ദൃശ്യങ്ങളില്‍ വിനീതിന് യാതൊരു പ്രശ്നവുമില്ലെന്ന് കാണാമെന്നും സിഐ പറഞ്ഞു.

click me!