പനിബാധിച്ച് ഡിസംബർ ആദ്യവാരത്തിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ‍ഡിസംബർ 19 കുഞ്ഞ് മരണപ്പെടുകയായിരുന്നു

റാഞ്ചി: മോർച്ചറി വാൻ ലഭ്യമായില്ല, നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിച്ചത് പച്ചക്കറി കൊണ്ടുവരുന്ന ചാക്കിൽ. ജാർഖണ്ഡിലെ ആദിവാസി കുടുംബത്തിനാണ് ദുരവസ്ഥ നേരിട്ടത്. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിലാണ് ആദിവാസി കുടുംബത്തിനാണ് മാവ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കിലാക്കി കൊണ്ടുവരേണ്ടി വന്നത്. ആംബുലൻസ് സൗകര്യം ലഭ്യമാകാതെ വന്നതോടെയാണ് കുടുംബത്തെ കുഞ്ഞിന്റെ മൃതദേഹം ഇത്തരത്തിൽ കൊണ്ടുപോകാൻ നിർബന്ധിതരായത്. ഡിസംബർ 19നാണ് സംഭവം. ചായ്ബസയിലെ ബാലാ ബരിജോരി ഗ്രാമത്തിലെ ഡിംബ ചടോബ, റോയബെറി ചടോബ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. ഡിസംബർ ആദ്യവാരത്തിലാണ് കുട്ടിയ്ക്ക് കനത്ത പനി ബാധിച്ചത്. കുട്ടി ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നിർബന്ധന മൂലമാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇതിനായി പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് സൗകര്യവും ഒരുക്കി നൽകിയിരുന്നു. സദാർ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഡിസംബർ 19നാണ് കുഞ്ഞ് മരിക്കുകയായിരുന്നു. എന്നാൽ മരണ കാരണം വ്യക്തമല്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാൻ മോർച്ചറി സൗകര്യമുള്ള ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. 

പച്ചക്കറി ചാക്കും ബസ് കൂലിയും നൽകിയത് ആശുപത്രി ജീവനക്കാർ

എന്നാൽ ഇത് ലഭ്യമാകാതെ വന്നതോടെയാണ് കുടുംബം കുഞ്ഞിനെ പച്ചക്കറി ചാക്കിലാക്കി കൊണ്ട് പോയത്. മൃതദേഹം കയ്യിൽ പിടിച്ച് കൊണ്ടുപോയാൽ ബസിൽ കയറ്റില്ലെന്നതിനാലാണ് ചാക്കിലാക്കി കൊണ്ട് വരേണ്ടി വന്നതെന്നാണ് കുടുംബം ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്. പച്ചക്കറി ബാഗ് സംഘടിപ്പിച്ചതും ബസ് ടിക്കറ്റിനായും ആശുപത്രി ജീവനക്കാർ 400 രൂപ നൽകിയെന്നാണ് കുടുംബം വിശദമാക്കുന്നത്. ബസിൽ ചാക്കിലാക്കി മൃതദേഹം വച്ചാണ് 80 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കാണ് കുഞ്ഞിന്റെ മൃതദേഹം ഇത്തരത്തിലെത്തിച്ചത്. 

മേഖലയിലേക്ക് മോർച്ചറി സൗകര്യമുള്ള ആംബുലൻസ് സൗകര്യം സാധാരണമായി ലഭിക്കുന്നില്ലെന്നാണ് പരിസരവാസിയായ ജോഗോ ചടോബ വിശദമാക്കുന്നത്. മിക്കപ്പോഴും ആംബുലൻസ് ഡ്രൈവർമാർ അധികമായി പണം ചോദിക്കും. റോഡ് മോശമാണെന്ന് പറഞ്ഞ് വരാൻ വിസമ്മതിക്കലും പതിവാണ്. സംഭവം വലിയ വിവാദമായതിന് പിന്നാലെ എല്ലാ ജില്ലാ ആശുപത്രികളിലും നാല് മോർച്ചറി സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം