പ്രവാസിയുടെ വീട്ടില്‍ കളവ് നടത്തിയ മുഖ്യപ്രതി അറസ്റ്റില്‍; മോഷണ മുതല്‍ കണ്ടെടുത്തത് കല്ലറയില്‍ നിന്ന്

By Web TeamFirst Published Jan 28, 2020, 8:48 PM IST
Highlights

മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഭാര്യ പിതാവിന്റെ കുഴിമാടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ രണ്ട് കഞ്ചാവ് കടത്ത്  കേസിലെ പ്രതി കൂടിയാണ് ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതി

കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. 45 പവനും വിദേശ കറന്‍സി അടക്കം ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മണമ്പൂർ, പെരുംകുളം എംവിപി വീട്ടിൽ യാസീനാണ് പിടിയിലായത്. ഇയാളോടൊപ്പം മോഷണം നടത്തിയ മറ്റൊരു മുഖ്യ പ്രതിയും  മോഷണം, കൊലപാതകം അടക്കം ഒട്ടനവധി കേസ്സുകളിലെ പ്രതിയും ആയ  രതീഷ് എന്ന കണ്ണപ്പൻ രതീഷ് അടക്കം നാല് പേരെ കടയ്ക്കാവൂർ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മോഷണം ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളും, വിദേശ കറൻസിയും പോലീസ് കണ്ടെടുത്തു. ഇതിന് പ്രതികളെ സഹായിച്ച തൊപ്പിച്ചന്ത  റോഡുവിള വീട്ടിൽ സിയാദ് , വക്കം മേത്തർ വിളാകത്ത് വീട്ടിൽ സിയാദ് , പെരുംകുളം എംവിപി ഹൗസിൽ സെയ്ദാലി എന്നിവരും പിടിയിൽ ആയിരുന്നു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ രതീഷും , യാസിനും ചേർന്ന് രതീഷിന്റെ കവലയൂരുളള ഭാര്യ പിതാവിന്റെ കുഴിമാടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണമുതലുകൾ കണ്ടെത്തിയെങ്കിലും യാസീനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗൽ, സേലം,  കോയമ്പത്തൂർ  ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സേലത്ത് നിന്ന് ട്രയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂർ ഉള്ള ബന്ധുവീട്ടിലേക്ക് പോകും വഴി ആണ് ഇയാൾ അറസ്റ്റിൽ ആയത്. പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ  രണ്ട് കഞ്ചാവ് കടത്ത്  കേസിലെ പ്രതി കൂടിയാണ് ഇപ്പോൾ അറസ്റ്റിൽ ആയ യാസിൻ. ഈ മാസം 6 ന് രാത്രി  മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിന് സമീപം എ എസ് ലാൻഡിൽ പ്രവാസിയായ അശോകന്റെ  വീടിന്റെ വാതിലുകൾ തകർത്താണ് സംഘം മോഷണം നടത്തിയത്. 

click me!