
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു.
ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതിൽ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാർ എന്നിവരും ഉള്‍പ്പെടും.
നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി നല്‍കുന്നത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാർ സമരം നടത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാർ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റുണ്ടായെങ്കിലും തുടർനടപടികൾക്ക് വേഗതയുണ്ടായില്ല. കുറ്റപ്പത്രം നവംബറിൽ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘംഅവകാശപ്പെടുന്നത്. എന്നാൽ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങൾ പിന്നെയും താമസിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam