'അടുപ്പിൽ നിന്ന് കുടൽ പുറത്തേക്കുവന്നപ്പോൾ സംശയമായി', ദില്ലി തന്തൂരി കൊലപാതകത്തെക്കുറിച്ച് മലയാളി ഉദ്യോഗസ്ഥൻ

By Web TeamFirst Published Jul 4, 2020, 11:16 AM IST
Highlights

മനുഷ്യശരീരം വെന്തിറങ്ങുന്നത് നേരില്‍ കണ്ട അനുഭവം നസീര്‍കുഞ്ഞിന് ഇപ്പോഴും ഞെട്ടലാണ്. കൊലപാതകം തെളിഞ്ഞശേഷം കോടതിയും കേസുമായി മുന്നോട്ട് പോയ നസീറിന് പിന്മാറാൻ ഭീഷണികള്‍ ഉണ്ടായി.

ദില്ലി: ദില്ലിയിലെ തന്തൂരി കൊലപാതകം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ആ ഓര്‍മ്മയുടെ നടുക്കം മാറാത്ത ഒരാളുണ്ട് കേരളത്തില്‍. തന്തൂരി അടുപ്പില്‍ വെന്തിറങ്ങുന്ന മൃതദേഹം നേരിൽ കണ്ട മലയാളി പൊലീസ് കോണ്‍സ്റ്റബിള്‍ നസീര്‍ കുഞ്ഞ്. ദില്ലി പൊലീസ് വകുപ്പിലെ ചില പ്രശ്നങ്ങള്‍ കാരണം വിആര്‍എസ് എടുത്തശേഷം കരുനാഗപ്പള്ളിയില്‍ വിശ്രമജീവിതത്തിലാണ് അദ്ദേഹമിപ്പോള്‍. 1995 ജൂലൈ 2 രാത്രി പട്രോളിങ്ങിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നസീര്‍ കുഞ്ഞ് കണ്ടെത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശാല്‍കുമാര്‍ ശര്‍മ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി തന്തൂരി അടുപ്പിലാക്കി ചുടുകയായിരുന്നു. മനുഷ്യശരീരം വെന്തിറങ്ങുന്നത് നേരില്‍ കണ്ട അനുഭവം നസീര്‍കുഞ്ഞിന് ഇപ്പോഴും ഞെട്ടലാണ്. 

കൊലപാതകം തെളിഞ്ഞശേഷം കോടതിയും കേസുമായി മുന്നോട്ട് പോയ നസീറിന് പിന്മാറാൻ ഭീഷണികള്‍ ഉണ്ടായി. താമസിച്ചിരുന്ന വീടിനുനേരെ വെടിവെയ്പ്പുണ്ടായി. ഇതിലൊന്നും നിലപാട് മാറില്ലെന്ന് കണ്ട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടും വരെ നസീര്‍ കുഞ്ഞ് ഉറച്ചു നിന്നു. 2003 നവംബര്‍ നാലാം തിയ്യതിയാണ് സുശീല്‍കുമാറിനെ ശിക്ഷിച്ച് വിധി വന്നത്. കൊലപാതകം കണ്ടെത്തിയ നസീര്‍കുഞ്ഞിന് വകുപ്പ് സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ശമ്പളം വര്‍ധിപ്പിക്കുന്നതിലടക്കം ഉണ്ടായ പ്രശ്നങ്ങള്‍ കോടതികയറി. ഇതോടെ വിആര്‍എസ് എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. ഈ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 

വീഡിയോ കാണാം 

 

click me!