
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ക്വീന്‍സില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണി ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് നടൻ ഹൃത്വിക് റോഷനോടുള്ള ഡോണിയുടെ ആരാധനയിൽ അസൂയമൂത്താണ് ദിനേശ്വർ അവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സംഭവം.
വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിർത്താനായി ഡോണിയോട് ദിനേശ്വർ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഡോണിയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹൃത്വിക് അഭിനയിച്ച സിനിമകൾ അവൾ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് ഡോണിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മാല രാംധാനി പറഞ്ഞു.
ഡോണിയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍ അക്കാര്യം ഡോണിയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചിരുന്നു. അപ്പാര്‍ട്‌മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഡോണിയുടെ മൃതദേഹത്തിന് സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാര്‍ ടെന്‍ഡറായിരുന്ന ഡോണിയെ ജൂലൈയിലാണ് ദിനേശ്വർ വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷം ഡോണിയെ മർദ്ദിച്ച കേസിൽ ദിനേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോണി കോടതിയെ സമീപിച്ചിരുന്നു. താൻ ജോലി ചെയ്ത് സമ്പാദിക്കുന്നതിൽ ദിനേശ്വർ പലപ്പോഴും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി ഡോണി പറഞ്ഞിരുന്നതായി സുഹൃത്ത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam