
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ( Electric Scooter battery) വീടിന് തീപിടിച്ച് അച്ഛനും മകളും (Father Daughter death) മരിച്ചു. തമിഴ്നാട് വെല്ലൂരിലാണ് ദുരന്തമുണ്ടായത്. വീടിന്റെ വരാന്തയിൽ ചാർജ് ചെയ്യാനായി വെച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹന പ്രീതി എന്നിവരാണ് മരിച്ചത്. പോലൂരിലെ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മോഹനപ്രീതി.
രണ്ട് മുറിയുള്ള ചെറിയ വീടിന്‍റെ വരാന്തയിൽ പുതിയതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടർന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. ജനാലകളില്ലാത്ത ആസ്ബറ്റോസ് പാകിയ വീട്ടിലേക്കും തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ അച്ഛനും മകളും ശുചിമുറിയിൽ അഭയം തേടി. ഇവിടേക്ക് പുകപടർന്ന് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. രാത്രിയിലുണ്ടായ തീപിടിത്തം അയൽവാസികളും അറിഞ്ഞില്ല. വെല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികളെടുത്തു. മൃതദേഹങ്ങൾ അടുക്കമ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam