യുവാവും കാമുകിയും സഞ്ചരിച്ച കാര്‍ തട്ടിയെടുത്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി

By Web TeamFirst Published Nov 2, 2019, 11:35 AM IST
Highlights

കമിതാക്കള്‍ കാര്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് സംസാരിച്ചിരിക്കെ ചാടിവീണ സംഘം കാര്‍ പിടിച്ചെടുക്കുകയും ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ബംഗളുരു: രാത്രിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും കാമുകിയെയും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി.  ബംഗളുരുവിലാണ് 25 കാരനായ പ്രഭാകറും കാമുകിയും സഞ്ചരിച്ചിരുന്ന കാര്‍ ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവചച്ച് തട്ടിക്കൊണ്ടുപോയത്. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. കമിതാക്കള്‍ കാര്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് സംസാരിച്ചിരിക്കെ ചാടിവീണ സംഘം കാര്‍ പിടിച്ചെടുക്കുകയും ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. 

ട്രാവല്‍ ഏജന്‍സിയില്‍ നടത്തുന്ന പ്രഭാകര്‍ ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. ഇയാള്‍ ദമ്ലുരിലുള്ള കാമുകിയെക്കാണാന്‍ എത്തിയതായിരുന്നു. കാറില്‍ കയറിയ സംഘത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രഭാകറിനെ സംഘത്തിലൊരാള്‍ തുടയില്‍ കത്തികൊണ്ട് കുത്തി. പ്രഭാകറിനെയും പെണ്‍കുട്ടിയെയും കാറിന് പുറകിലിരുത്തിയതിന് ശേഷം സംഘത്തിലൊരാള്‍ കാര്‍ ഡ്രൈവ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന നാല് പേരും തമിഴിലാണ് സംസാരിച്ചിരുന്നതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. 50000 രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പ്രഭാകറിന്‍റെ പോക്കറ്റിലുണ്ടായിരുന്ന 6000 ഓളം രൂപ സംഘം പിടിച്ചെടുത്തു. കാര്‍ മുരുഗേശ്‍പല്യയിലെത്തിയപ്പോള്‍ മദ്യം വാങ്ങാനായി കാര്‍ ഒരു ഷോപ്പിന് മുന്നില്‍ നിര്‍ത്തി. മദ്യം വാങ്ങിയതിന് ശേഷം ഇവര്‍ വീണ്ടും കാര്‍ ഡ്രൈവ് ചെയ്യാന്‍ ആരംഭിച്ചു. അര്‍ദ്ധരാത്രി 12.30 ആയതോടെ കെ ആര്‍ പുരത്തെ ടിന്‍ ഫാക്ടറിക്ക് സമീപമുള്ള പാലത്തിനടുത്ത് ഇവര്‍ കാര്‍ നിര്‍ത്തി.  ഇരുവരുടെയും കഴുത്തില്‍ കത്തിവച്ച് ശബ്ദമുണ്ടാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഘത്തിലൊരാളുടെ അക്കൗണ്ടിലേക്ക് 20000 രൂപ ഉടന്‍ നല്‍കണമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ പ്രഭാകര്‍ സുഹൃത്തിനെ വിളിച്ച് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. 

ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 3.30 ആയതോടെ കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ചു. റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ തലനാരിണക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാര്‍ കാര്‍ ഡ്രൈവറെ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തിയതോടെ പ്രഭാകര്‍ ഉണ്ടായ സംഭവം വിരവിച്ചു. ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു,.

click me!