
മൂന്നാര്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ വച്ചു തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (26) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ 16 നാണ് പ്രവീണ്‍കുമാറിന്റെ ഭാര്യ ശ്രീജ (19) യെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിഞ്ഞുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ശ്രീജ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും വിവാഹതിരായി ഒന്‍പത് മാസം കഴിയുമ്പോഴാണ് യുവതി ജീവിനൊടുക്കിയത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യാണെന്ന് കരുതിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നത്. വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രതി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
പ്രതിയായ പ്രവീണ്‍ കുമാറിന് കുടുംബിനിയായ മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്രീജ ഇക്കാര്യം ഭര്‍ത്താവിനോട് അന്വേഷിച്ചത് വാക്കുതര്‍ത്തത്തിനിടയാക്കി. തര്‍ക്കത്തിനിടയില്‍ അവിഹിത ബന്ധം തുടരുകയാണെങ്കില്‍ താന്‍ ഇനി ജിവിച്ചിരിക്കില്ല എന്ന് ശ്രീജ പറഞ്ഞു. എന്നാല്‍ ശ്രീജയുടെ വാക്കുകളെ അവഗണിച്ച് 'പോയി തൂങ്ങി ചാവ്' എന്നാണ് ഭര്‍ത്താവായ പ്രവീണ്‍ കുമാര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
Read More : അമ്മയ്ക്ക് പ്രണയബന്ധമെന്ന് സംശയം, കുത്തിക്കൊന്ന് മൃതദേഹം വാടകവീട്ടില്‍ ഒളിപ്പിച്ചു; മകന്‍ അറസ്റ്റില്‍
'നീ പോയി ആത്മഹത്യ ചെയ്യെന്നും, അങ്ങനെ ചെയ്താന്‍ തനിക്ക് ഇഷ്ടമുള്ള യുവതിയുമായി ജീവിച്ചു കൊള്ളാമെന്നും' പ്രവീണ്‍ ഭാര്യയോട് പറഞ്ഞു. ഇതില്‍ മനം നൊന്താണ് ശ്രീജ മുറിവിട്ട് പുറത്തേക്ക് പോയത്. അടുക്കളയിലേക്ക് പോയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുക്കളയിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് അടിമാലി കോടതിയില്‍ ഹാജരാക്കി. സി.ഐ മനേഷ് കെ. പൗലോസ്, സി.ഐ കെ.ഡി.മണിയന്‍, സി.പി.ഒ മാരായ അനീഷ് ജോര്‍ജ്, രമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam