
ദേവികുളം: കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാന്‍ എത്തിയ ഭാര്യ പിതാവിനെയും മകനെയും മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ടി. സുബ്രമണ്യന്‍ മണി ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ ഇയാളുടെ സഹോദരനും ഭാര്യയും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം.
കുടുംബവഴക്ക് സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പഴയ മൂന്നാര്‍ ഡിവിഷനില്‍ കറുപ്പ് സ്വാമി, മകന്‍ മണികണ്ഠന്‍ എന്നിവരെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. സുബ്രമണ്യന്‍ ചുറ്റിക ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു. മണികണ്ഠന്‍റെ തലയ്ക്കാണ് കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേവികുളം എസ് എച്ച് ഓ എസ്.ശിവലാല്‍, എസ് ഐമാരായ എന്‍.ജെ.സണ്ണി, കെ.തമ്പിരാജ്, എ എസ് ഐ ബി.സന്തോഷ്, സി പി ഓ മാരായ പി.കെ.അനീഷ്, സ്മിതാ ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു.
ആറ് മാസം വരെ പഴക്കം, എറണാകുളത്ത് 270 കിലോ പഴകിയ മത്സ്യം പിടികൂടി
കൊച്ചി: എറണാകുളത്ത് 270 കിലോ പഴകിയ മത്സ്യം പിടികൂടി. പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ആറ് മാസം വരെ പഴക്കമുള്ള മത്സ്യമാണ് മാർക്കറ്റിൽ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചൂര, കേര, തിരണ്ടി, സ്രാവ് , മോദ, ഉടുപ്പൂരി തുടങ്ങിയ മത്സ്യങ്ങളാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. മൊബൈൽ ലാബുമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. മത്സ്യങ്ങളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. രണ്ട് മാസം മുതൽ ആറ് മാസം വരെ പഴക്കമുള്ള മത്സ്യങ്ങളാണ് മാർക്കറ്റിൽ വിറ്റിരുന്നത്. പഴകിയ മത്സ്യം വിൽപന നടത്തിയവർക്ക് നോട്ടീസ് നൽകിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കഴിഞ്ഞയാഴ്ച തോപ്പുംപടിയിൽ നിന്നും നാന്നൂറ് കിലോയിലേറെ പഴകിയ മത്സ്യം പിടികൂടിയിരുന്നു. അതിന് മുമ്പ് ആലുവ മാർക്കറ്റിൽ നിന്ന് 160 കിലോയിലേറെ വരുന്ന പഴകിയ മത്സ്യവും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. ഇതിന് 10 ദിവസത്തിലേറെ പഴക്കമുണ്ട് എന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചത്.പഴകിയ മത്സ്യങ്ങളിൽ അമോണിയ സാന്നിധ്യവും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.