മാരക രോഗങ്ങള്‍ക്ക് ചികിത്സ, വൈദ്യനെ തേടി നൂറുകണക്കിനാളുകള്‍; ഒടുവില്‍ വ്യാജന്‍ പിടിയില്‍

By Web TeamFirst Published Sep 26, 2020, 12:33 AM IST
Highlights

പത്താം ക്ലാസ് പോലും ഇല്ലാത്ത വൈദ്യനെ തേടി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നൂറ് കണക്കിനാളുകളാണ് മണ്ണൂരിലെത്തിയിരുന്നത്. 

പാലക്കാട്: പാലക്കാട് മണ്ണൂരിൽ വ്യാജ വൈദ്യൻ പിടിയിൽ. മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ട സ്വദേശി കെ.എം മുഹമ്മദലിയാണ് പോലീസിന്‍റെ പിടിയിലായത്. പത്താം ക്ലാസ് പോലും യോഗ്യത ഇല്ലാതെ പാരന്പര്യ വൈദ്യനെന്ന വ്യാജേനയാണ് പ്രതി ചികിത്സ നടത്തി വന്നത്.
 
ജില്ല ആയുർവേദ മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പും മങ്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജ വൈദ്യനെ പിടികൂടിയത്. മണ്ണൂരിലെ അറബി ചികിത്സ കേന്ദ്രത്തിലാണ് പ്രതി മുഹമ്മദലി പാരന്പര്യ വൈദ്യനെന്ന പേരിൽ ചികിത്സ നടത്തിയത്. 

പത്താം ക്ലാസ് പോലും ഇല്ലാത്ത വൈദ്യനെ തേടി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നൂറ് കണക്കിനാളുകളാണ് മണ്ണൂരിലെത്തിയിരുന്നത്. ഹൃദ്ര്യേഗം, പ്രമേയം തുടങ്ങി ഒട്ടേറെ മാരക രോഗങ്ങൾക്ക് ചികിത്സ നൽകിയിരുന്നു. നാല് വർഷമായി മണ്ണൂരിൽ വ്യാജ ചികിത്സ നടത്തുന്ന പ്രതിക്ക് മലപ്പുറം എടപ്പാളിലും ചികിത്സ കേന്ദ്രമുണ്ടെന്ന് പോലീസ് പറഞ്ഞു. 

യോഗ്യത സർട്ടിഫിക്കറ്റുകളില്ലാതെ പല നാടുകളിലായി 18 വർഷത്തോളം മുഹമ്മദലി ചികിത്സ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. മണ്ണൂരിലെ ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ചികിത്സ ഉപകരണങ്ങളും വിവിധ കന്പനികളുടെ ആയുർവേദ മരുന്നും പിടികൂടി. 

മുഹമ്മദലി പിടിയിലാകുമ്പോള്‍ വ്യാജ വൈദ്യനെ കാണാൻ ഒട്ടേറെ രോഗികളും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതി മുഹമ്മദലിക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

click me!