
തൊടുപുഴ : കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുസമ്മിലിനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ റിമാന്‍റ് ചെയ്തു.
മുന്നു മണിയോടെ മൂവാറ്റുപുഴക്കും വാഴക്കുളത്തിനുമിടയിലാണ് സംഭവം നടന്നത്. മുവാറ്റുപുഴയില്‍ നിന്നു ബസില്‍ കയറിയ പ്രതി യുവതിക്കരികെ ഇരിക്കുകയും ഉറങ്ങിപോയ സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. യുവതി സീറ്റ് മാറിയിരുന്നെങ്കിലും പ്രതി വീണ്ടും പുറകെ വന്ന് കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതി ബഹളം വെച്ചതോടെ കണ്ടക്ടറും സഹയാത്രികരും ഇടപെടുകയായിരുന്നു. കണ്ടക്ടറോടും യാത്രക്കാരോടും തർക്കിച്ച പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ വാതിലുകളും ജനലുകളും അടച്ച് ബസ്സിലുള്ളവർ അത് തടഞ്ഞു. തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ റിമാന്‍റു ചെയ്തു.
ബസുകളിൽ വെച്ചുള്ള ലൈംഗികാതിക്രമം ആവര്‍ത്തിക്കപ്പെടുകയാണ്. തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പരാതിക്കാരി. പിൻ സീറ്റിൽ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടർന്ന് സഹയാത്രികർ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അതിനിടെ കൊച്ചിയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകവേയാണ് നടിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. ദേശീയപാതയിൽ അത്താണിയിൽ വെച്ചായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. യുവതിയുടെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കണ്ടക്ടര്‍ കൂടിയിടപെട്ടാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam