
കോഴിക്കോട്: കാമുകിയുടെ മകളെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് പിടിയിൽ. വീട്ടിൽനിന്ന് പണം കവർച്ച നടത്തുന്നത് തടയാൻ ശ്രമിച്ച കാമുകിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ബേപ്പൂർ പൊലീസിന്റെ പിടിയിലായ യുവാവിനെതിരെയാണ് പുതിയ കേസ്. കാമുകിയുടെ മകളെ ടിപ്പറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്ത്. കോഴിക്കോട് സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുംപാടം എട്ടിയാടത്ത് എ. ഷജിത്തിനെതിരെയാണ് (പൂഴിക്കുട്ടൻ 41) ബേപ്പൂർ പൊലീസ് കേസെടുത്തത്.
62 ദിവസം റിമാൻഡിലായിരുന്ന പ്രതി ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്. പത്തുവർഷത്തോളമായി അടുപ്പത്തിലുള്ള യുവതിയുടെ താമസസ്ഥലത്ത് മദ്യപിച്ചെത്തിയ പ്രതി അലമാരയിൽനിന്ന് പണം കവരുന്നത് തടഞ്ഞതോടെ യുവതിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ജനുവരിയിൽ അറസ്റ്റിലാവുന്നത്. 62 ദിവസം റിമാൻഡ് കഴിഞ്ഞ് കർശന ഉപാധികളോടെ ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ സാക്ഷികളെയോ ഒരു വിധത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് വീണ്ടും ഭീഷണിപ്പെടുത്തുന്നെന്ന് യുവതി പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ ഇയാളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പരാത 18ന് പരിഗണിക്കാനിരിക്കെയാണ് ജോലി കഴിഞ്ഞിറങ്ങിയ കാമുകിയുടെ മകളെ ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആദ്യത്തെ കേസ് പിൻവലിക്കണമെന്ന ഇയാളുടെ ഭീഷണി അമ്മ നിരസിച്ചതാണ് തനിക്കു നേരെയുണ്ടായ വധശ്രമത്തിന് കാരണമെന്ന് മകളുടെ പരാതിയിലുണ്ട്.ബേപ്പൂർ, നല്ലളം, ഫറോക്ക്, മാറാട് സ്റ്റേഷൻ പരിധിയിൽ മണൽക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസിൽ പ്രതിയാണ് ഷജിത്ത്. കഴിഞ്ഞ മാസം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനെ രണ്ടു തവണ വീട്ടിൽ കയറി ആക്രമിച്ച് വധഭീഷണി മുഴക്കിയതിനും ഹൈക്കോടതിയിൽ കേസുണ്ട്. കഴിഞ്ഞ വർഷം നഗരത്തിൽ 20 കുപ്പി വിദേശമദ്യവുമായി പിടിയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam