
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പൊലീസ് പിടികൂടി. തമലത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. പ്രാവച്ചമ്പലം സ്വദേശി അൻവറുദ്ദീനാണ് പുകിയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അൻവറുദ്ദീനെ പൊലീസ് പിടികൂടി. വിവിധ കടകളിൽ കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആറു മാസം ഒരു സ്ഥലത്ത് വീടെടുത്ത് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തും. അതിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറുന്നതാണ് അൻവറുദ്ദീന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയത്തെ തുടർന്ന് കുറേ നാളുകളായ അൻവറുദ്ദീനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അതേസമയം, മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പോല്‍-ആപ്പ് വഴി രഹസ്യമായി കൈമാറാമെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആണ് പോല്‍-ആപ്പ്. ഈ ആപ്പ് വഴി മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും ഉള്‍പ്പെടെയുളള വിവിധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള് അതീവ രഹസ്യമായിരിക്കുമെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നു മാഫിയയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍ പോല്‍-ആപ്പില്‍ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പോല്‍ -ആപ്പിലെ സര്‍വ്വീസസ് എന്ന വിഭാഗത്തില്‍ മോര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ടു അസ് എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ ഏത് വിവരവും പൊലീസിനെ രഹസ്യമായി അറിയിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam