സ്റ്റോക്ക് മാര്‍ക്കറ്റിലെ തിരിച്ചടി, ലക്ഷങ്ങള്‍ പോയി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു

By Web TeamFirst Published Oct 7, 2022, 8:45 PM IST
Highlights

കടക്കെണിയിലായതോടെ മകന്‍ പണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ അടുത്തെത്തി. എന്നാല്‍ പണം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല.

ദില്ലി: പണം ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതനായി മകന്‍ അച്ഛനെ കൊലപ്പെടുത്തി. ആക്രമണത്തില്‍ അമ്മയ്ക്ക് ഗുരുത പരിക്ക്. ദില്ലിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വെസ്റ്റ്  ദില്ലിയിലെ ഫത്തേ നഗർ ഏരിയയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. സ്വർണജീത് സിംഗ് (65) ആണ് മകന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വർണജീത് സിംഗിന്‍റെ  ഭാര്യ അജീന്ദർ കൗറിനും(60) ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ മകന്‍  ജസ്ദീപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പരിക്കേറ്റ  അജീന്ദർ കൗറിന്‍റെ നില  ഗുരുതരാവസ്ഥയിലാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ഘൻശ്യാം ബൻസാൽ പറഞ്ഞു.  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജസ്ദീപ് സിംഗ് പണം ആവശ്യപ്പെട്ട് മാതാപിതാക്കളോട് വഴക്കിട്ടത്. പണം തരില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ മകന്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.  ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.

ദീന്‍ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണജിത്ത് ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന  ഭാര്യയെ സർ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റി. ജസ്ദീപ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്നു. ഇങ്ങനെ ഏഴ് ലക്ഷത്തോളം രൂപ ജസ്ദീപിന് കടം ഉണ്ടായി. കടക്കെണിയിലായതോടെ മകന്‍ പണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ അടുത്തെത്തി. എന്നാല്‍ പണം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല. ബിസിനസുകാരനായ പിതാവ് സ്വര്‍ണജീത് മകന്‍റെ സാമ്പത്തിക അച്ചടക്കമില്ലായ്മയെ വിമര്‍ശിച്ചു.

ഇതോടെ പ്രകോപിതനായ ജസ്ദീപ് സിംഗ് അച്ഛനെ അടിച്ച് വീഴ്ത്തുകയും തടയാനെത്തിയ അമ്മയെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. വിവാഹിതിനാണ് ജസ്ദീപ് സിംഗ്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Read More : 'പൊല്ലാപ്പാകില്ല, രഹസ്യമായിരിക്കും'; മയക്കുമരുന്ന് സംഘത്തെക്കുറിച്ച് 'പോല്‍ ആപ്പി'ലൂടെ വിവരം നല്‍കാം
 

tags
click me!