
ഔറംഗബാദ്: ഒന്നാം വിവാഹത്തിലെ ഭാര്യയോട് താല്‍പ്പര്യമില്ലാത്ത വീട്ടുകാര്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലിനും മറ്റും ഒടിവ് സംഭവിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്‌തെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മൂസയുടെ കുടുംബം അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല. ഇതോടെയാണ് രണ്ടാം വിവാഹത്തിനായി മാതാപിതാക്കള്‍ മൂസയെ നിര്‍ബന്ധിച്ചത്. മാതാപിതാക്കളുടെ നിര്‍ബന്ധം തുടര്‍ന്നതോടെ ഇവര്‍ക്കെതിരെ കേസ് കൊടുക്കാനായാണ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂസ എത്തിയത്. എന്നാല്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
പടികളില്‍ ഇരുന്നിരുന്ന മൂസ പിന്നീട് കാത്തിരിപ്പ് സ്ഥലത്തേക്ക് മാറി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം നിലയിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസിന്റെ വരാന്തയിലേക്കായിരുന്നു മൂസ വീണത്. അതേസമയം ആത്മഹത്യ ശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
അതേസമയം മൂസ മദ്യത്തിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അപരിചിതരാല്‍ ആക്രമിക്കപ്പെടുമെന്ന് എപ്പോഴും ഭയന്നിരുന്ന വ്യക്തിയാണ് മൂസയെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam